Top

ഇ ബുള്‍ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് ഗതാഗത കമ്മീഷണര്‍; 'ലൈസന്‍സും റദ്ദാക്കും'

വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളാണ്

10 Aug 2021 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ ബുള്‍ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് ഗതാഗത കമ്മീഷണര്‍; ലൈസന്‍സും റദ്ദാക്കും
X

ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ നിയമലംഘനത്തില്‍ കര്‍ശനനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലിബിന്റെയും എബിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനം ഓടിച്ച വ്യക്തിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചു.

വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളാണ്. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി അവര്‍ക്ക് സമയം നല്‍കിയരുന്നു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസവും അവരെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും അവര്‍ ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയാല്‍ കുട്ടികള്‍ ആയാലും നടപടി ഉണ്ടാകുമെന്ന് കമ്മിഷണര്‍ അറിയിച്ചു. ആംബുലന്‍സ് സൈറണ്‍ മുഴക്കി വാഹനം ഓടിച്ചത് ബീഹാറിലാണെങ്കിലും അതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ യുട്യൂബ് ചാനലിലെ മുഴുവന്‍ വീഡിയോകളും പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മാത്രമല്ല, വാഹനത്തില്‍ പ്രസ്് സ്റ്റിക്കര്‍ ഉപയോഗിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും പരിശോധിക്കുമെന്ന് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ഇവരോട് പൊലീസിന് വിരോധമില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കണ്ണൂര്‍ കളക്ടേറ്റിലെ ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങളുടെ പിഴ ഒടുക്കാമെന്ന് ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. ആര്‍ടി ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പിഴ എത്രയായാലും അത് ഒടുക്കാമെന്ന ഇവരുടെ അഭിഭാഷകനാണ് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ടി ഓഫീസില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് ബോധ്യപ്പെടുത്താനും കോടതി നിര്‍ദേശം നല്‍കി.

ഇന്നലെയാണ് ബുള്‍ ജെറ്റ് ബ്രദേഴ്‌സ് എന്ന പേരിലറിയപ്പെടുന്ന ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തത്. ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഇരുവരും ഫോളോവേഴ്‌സിനൊപ്പം ആര്‍ടി ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.

സംഭവത്തെക്കുറിച്ച് ഇന്നലെ പൊലീസ് പറഞ്ഞത്: ''രാവിലെ 11 മണിക്ക് ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ് അവര്‍ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു നടപടി. വണ്ടി നിയമവിരുദ്ധ ആള്‍ട്ടറേഷന്‍ ചെയ്തതിന് ഫൈന്‍ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫൈന്‍ അടയ്ക്കാന്‍ പറ്റില്ലെന്ന് യുട്യൂബേഴ്‌സ് പറഞ്ഞപ്പോള്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ വിളിച്ചത്. അവരെ പൊലീസ് മര്‍ദിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഇവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ യുട്യൂബേഴ്‌സ് എന്ന് പറഞ്ഞ് കുറെ പേര്‍ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ട് അവരില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെയും കേസെടുക്കും. അവരുടെ വണ്ടി ആര്‍ടിഒ രേഖമൂലം ഞങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് കോടതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യും.''

സംഭവത്തെക്കുറിച്ച് കണ്ണൂരിലെ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞത്: ''അവരുടെ ടാക്‌സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആള്‍ട്ടറേഷനാണ് വാഹനത്തില്‍ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡില്‍ ഇറങ്ങിയാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവര്‍ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്‌നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡില്‍ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആള്‍ക്കാരെ വിളിച്ച് കൂട്ടി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഓഫീസിന്റെ പ്രവര്‍ത്തനം മൊത്തം അവര്‍ തടസപ്പെടുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.''

Next Story