പരാതിയില്‍ നിന്ന് പിന്മാറാന് നേരിട്ടും ഫോണിലൂടേയും ഭീഷണി; മോന്സന് കേസിലെ പരാതിക്കാര്‍ ഡിജിപിക്ക് പരാതി നല്കി
കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടരുതെന്നും കേസില്‍ നിന്ന് പിന്മാറണമെന്നുമാണ് ഭീഷണി.
8 Oct 2021 5:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പ് വീരന് മോന്സന് മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് പരാതി. തട്ടിപ്പുക്കേസിലെ പരാതിക്കാരായ യാക്കൂബ്, ഷെമീര്‍, അനൂപ് എന്നിവരാണ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ സിനിമാ മേഖലയിലുളളവരെ പരാതിയില്‍ പരാമര്‍ശിച്ചതിനാല്‍ പരാതിക്കാര്‍ക്ക് ഫോണിലൂടേയും, നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ഭീഷണിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ ഇവര്‍ മരട്, പന്തീരങ്കാവ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. മോന്സന് മാവുങ്കല്‍ കേസിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടരുതെന്നും കേസില്‍ നിന്ന് പിന്മാറണമെന്നുമാണ് ഭീഷണി.
നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും മോന്സന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞിരുന്നു.
തട്ടിപ്പ് ആരോപണങ്ങളില്‍ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായും നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും മറ്റൊരു പരാതിക്കാരനായ അനൂപും റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.