'മുസ്ലീം ലീഗിനോളം മികച്ച നേതൃത്വം ലോകചരിത്രത്തിലില്ല': നൂര്‍ബിന റഷീദ്
ഇന്ന് പൊട്ടിമുളച്ചതല്ല ലീഗിന്റെ വനിതാ പ്രാതിനിധ്യമെന്നും നൂര്‍ബിന റഷീദ്
9 Sep 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയെ പിരിച്ചുവിട്ട നടപടി മുസ്ലീം ലീഗ് നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ലോക ചരിത്രത്തില്‍ പോലും ഒരു സംഘടനക്ക് ഇത്രയും മികച്ചൊരു നേതൃത്വമില്ലെന്നും നൂര്‍ബിന റഷീദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'മുസ്ലീം ലീഗ് എന്ന പാര്‍ട്ടിക്കുള്ളത് സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന നേതൃത്വമാണ്. ഇതര രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വിഭിന്നമായ നേതൃത്വമാണ് ലീഗിന്റേത്. ലോക ചരിത്രത്തില്‍ പോലും ഇത്രയും നല്ലൊരു നേതൃത്വം മറ്റൊരു പാര്‍ട്ടിക്കും ഉണ്ടാവില്ല. പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണ്. നേതൃത്വം വളരെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കും. എല്ലാവശങ്ങളും ചര്‍ച്ചചെയ്‌തെടുത്ത തീരുമാനമായിരിക്കും.' നൂര്‍ബിന റഷീദ് പറഞ്ഞു.
ഇന്ന് പൊട്ടിമുളച്ചതല്ല ലീഗിന്റെ വനിതാ പ്രാതിനിധ്യമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
ഹരിതയെ പിരിച്ചു വിട്ട നടപടി മുസ്ലീം ലീഗ് ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. ഹരിതയെ പിരിച്ചുവിട്ട നടപടി അന്തിമ തീരുമാനമാണെന്നും പാര്‍ട്ടിക്ക് എല്ലാവരും പ്രവര്‍ത്തകര്‍ മാത്രമാണെന്നും അവിടെ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും എംകെ മുനീര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി പുരുഷ കേന്ദ്രീകൃതമാണെങ്കില്‍ ഹരിത എന്ന സംഘടന പോലും ഉണ്ടാകില്ലായിരുന്നുവെന്നും എംകെ മുനീര്‍ കൂട്ടിചേര്‍ത്തു.