Top

'മുസ്‌ലിം ലീഗ് പിന്തുടരുന്നത് താലിബാന്‍ ഭരണഘടന, പൊതു സമൂഹം പ്രതിഷേധിക്കണം'; എ എ റഹീം

സ്ത്രീകളോടുളള നിലപാട് ലീഗ് പരസ്യമായി പറയണം. അവരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാന്‍ ഭരണഘടനയെ അനുകരിക്കുന്നതാണ്.

15 Sep 2021 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്‌ലിം ലീഗ് പിന്തുടരുന്നത് താലിബാന്‍ ഭരണഘടന, പൊതു സമൂഹം പ്രതിഷേധിക്കണം; എ എ റഹീം
X

തിരുവനന്തപുരം: ഹരിതാ നേതാക്കള്‍ക്കെതിരായ മുസ്ലിം ലീഗ് നടപടിയില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. മുസ്‌ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കേരള പൊതു സമൂഹത്തിനിടയില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പറഞ്ഞത് അവര്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കിരയായെന്നും ആസൂത്രിതമായ ആക്രമം ഉണ്ടായിരുന്നുവെന്നാണ്. യൂത്ത് ലീഗിന്റെ നേതൃത്വം യഥാര്‍ഥത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്നും എന്ത്‌കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്നും എഎ റഹീം ചോദിച്ചു.

പെണ്ണ് പറയാറായൊ എന്ന നിലപാടാണ് ലീഗിനുളളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറി. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുളളത്. ആത്മാഭിമാനമുളള ഒരു വനിതക്കും ലീഗില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍ ലീഗിനിത് ബാധകമല്ലെന്നും റഹീം പറഞ്ഞു. യൂത്ത് ലീഗില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത്. ഈ സമീപനം താലിബാനെ അനുകരിക്കുന്നതിന് തുല്ല്യമാണ്. സ്ത്രീകളോടുളള നിലപാട് ലീഗ് പരസ്യമായി പറയണം. അവരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാന്‍ ഭരണഘടനയെ അനുകരിക്കുന്നതാണ്. എന്ത്‌കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.

ആണ്‍ അധികാരത്തെ ചോദ്യം ചെയ്യാനുളള മുന്‍ ഹരിതാ നേതാക്കളുടെ മുന്നേറ്റത്തെ ഡിവൈഎഫ്‌ഐ അഭിനന്ദിക്കുന്നു. ഹരിത നേതാക്കള്‍ ലീഗില്‍ തന്നെ തുടരുകയാണ് ഈ അവസരത്തില്‍ ഡിവൈഎഫ്‌ഐ അവരെ സ്വാഗതം ചെയ്യുന്നില്ല. അവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. ലീഗ് നേതൃത്വം സ്ത്രീ ശബ്ദത്തെ ചിറകെട്ടി നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ആ ചിറപൊട്ടി പുറത്തുവന്നിരിക്കുകയാണ്. ഇതിനെ തടഞ്ഞ് നിര്‍ത്താന്‍ മുസ്‌ലിം ലീഗിന് സാധിക്കില്ല എന്നും റഹീം പറഞ്ഞു.

Next Story