Top

ഓണക്കിറ്റിന് രുചി പകരാന്‍ കുടുംബശ്രീ; ഒരുക്കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി

8 Aug 2021 2:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കിറ്റിന് രുചി പകരാന്‍ കുടുംബശ്രീ; ഒരുക്കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി
X

ഓണക്കിറ്റിലേക്കു 2,42,500 ഉപ്പേരി പാക്കറ്റുകളൊരുക്കി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകൾവഴിയാണു നിർമാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചു. ഓണക്കറ്റിലേക്കു ചിപ്‌സും ശർക്കരവരട്ടിയും നിർമ്മിക്കുന്ന കോട്ടുകാൽ പഞ്ചായത്തിലെ കാർത്തിക ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു.

ഓണക്കിറ്റിൽ നാടിന്റെ തനത് ഉത്പന്നങ്ങൾ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണു കുടുംബശ്രീ യൂണിറ്റുകൾ വഴി ഉപ്പേരി നിർമിക്കാൻ തീരുമാനിച്ചതെന്നു യൂണിറ്റ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. വനിതാ ശാക്തീകരണത്തിനു കൂടുതൽ പ്രചോദനമാകുന്ന പ്രവർത്തനങ്ങളാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. ഏത്തവാഴ കർഷകർക്കും ഈ തീരുമാനം ഏറെ പ്രയോജനകരമായതായും മന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കിറ്റ് തയാറാക്കുന്നിനുള്ള തുണിസഞ്ചികൾ നിർമ്മിക്കുന്ന ദിയ കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ച മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

സപ്ലൈകോയുടെ ജില്ലയിലെ നാലു ഡിപ്പോകളിലേക്കുള്ള ചിപ്സും ശർക്കര വരട്ടിയുമാണു 11 കുടുംബശ്രീ യൂണിറ്റുകളിലൂടെ നിർമിക്കുന്നത്. സപ്ലൈകോയിൽ നിന്നു കുടുംബശ്രീ ജില്ലാ മിഷനു ലഭിച്ച ഓർഡർ അനുസരിച്ചാണു ചിപ്സും ശർക്കര ഉപ്പേരിയും തയാറാക്കുന്നത്. വിതരണം ചെയ്യാൻ ബാക്കിയുള്ള പാക്കറ്റുകൾ അതിവേഗത്തിൽ തയാറാക്കുകയാണെന്നും മൂന്നു ദിവസത്തിനകം ഇവ സപ്ലൈകോയ്ക്കു കൈമാറാൻ കഴിയുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. കെ ആർ ഷൈജു പറഞ്ഞു.


Next Story