പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി; ട്രയല്‍ അലോട്ട്മെന്റ് ഈ മാസം പതിമൂന്നിന്
ഈ മാസം 22നാണ് ആദ്യ അലോട്ട്മെന്റ്.
2 Sep 2021 1:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയം നീട്ടിയത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരം ശനിയാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്ന ട്രയല്‍ അലോട്ട്മെന്റ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി. ഈ മാസം 22നാണ് ആദ്യ അലോട്ട്മെന്റ്. കൊവിഡ് പ്രതിരോധം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ അഭിപ്രായവും പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകു.
പത്താം ക്ലാസില്‍ 99.47 എന്ന റെക്കോര്‍ഡ് വിജയമായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ വിജയിച്ച കുട്ടികള്‍ക്കാവശ്യമായ പ്ലസ് വണ്‍ സീറ്റുകളില്ലെന്നത് കുട്ടികളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുള്ളതായാണ് റിപ്പോര്‍ട്ട്.