Top

ആറുമാസം മുന്‍പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം അടഞ്ഞുകിടന്ന വീടിനുള്ളില്‍

ആറുമാസത്തിലേറെയായി ആ വീട്ടില്‍ ആരും കയറിയിട്ടില്ല

15 Sep 2021 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറുമാസം മുന്‍പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം അടഞ്ഞുകിടന്ന വീടിനുള്ളില്‍
X

തൃശൂര്‍ വാടാനപ്പള്ളിയിലെ കാണാതായ പതിനേഴുകാരന്‍ അമല്‍ കൃഷ്ണന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ കണ്ടെത്തി. ആറുമാസം മുന്‍പ് കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും, എ ടി എം കാര്‍ഡും ഫോട്ടോയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ തന്നെ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന വീടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറുമാസത്തിലേറെയായി ആ വീട്ടില്‍ ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്താന്‍ സ്ഥലം നോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം ആദ്യം കണ്ടത്. അമലിന്റെ വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ വീട്.

പ്രവാസി ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്പയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ് അമല്‍.

മാര്‍ച്ച് 18നാണ് അമലിനെ കാണാതായത്. സംഭവദിവസം എ ടി എം കാര്‍ഡിന്റെ തകരാര്‍ പരിഹരിക്കാന്‍ അമ്മയ്‌ക്കൊപ്പം അമലും ബാങ്കില്‍ പോയിരുന്നു. സ്വന്തം അക്കൗണ്ടിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോള്‍ അമലിനെ കാണാനില്ലായിരുന്നു. അതിന് ആഴ്ചകള്‍ക്കു മുന്‍പ് അമലിന്റെ അക്കൗണ്ടില്‍ നിന്നും രണ്ടു വട്ടമായി 10,000 രൂപ ഓണ്‍ലൈന്‍ പേയ്്‌മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു.

Popular

    Next Story