Top

ഫാത്തിമയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; 'വന്‍ വാഗ്ദാനം' 'ആലോചിക്കാന്‍ പോലും സാധിക്കില്ല'

ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയ്ക്ക് സുരേഷ് ഗോപിയുടെ ക്ഷണം

15 Sep 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാത്തിമയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; വന്‍ വാഗ്ദാനം ആലോചിക്കാന്‍ പോലും സാധിക്കില്ല
X

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി. ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയ്ക്ക് സുരേഷ് ഗോപിയുടെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഫാത്തിമ സുരേഷ് ഗോപിക്ക് നല്‍കിയ മറുപടി.

പാര്‍ട്ടി വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് ഫാത്തിമ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ''മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.''-ഫാത്തിമ പറഞ്ഞു.

അതേസമയം, എംഎസ്എഫിലേയും ഹരിതയിലേയും പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ഹരിത മുന്‍ നേതാക്കള്‍ ഫാത്തിമ തെഹ്‌ലിയക്കൊപ്പം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് ഹരിത മുന്‍ നേതാക്കള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. കമ്മറ്റി പിരിച്ച് വിട്ടതോടെയാണ് നിലപാട് വ്യക്തമാക്കാന്‍ ഇവര്‍ മാധ്യമങ്ങളെ കാണുന്നത്.

ഇതിനിടെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജലിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

പികെ നവാസിന്റെ ലൈംഗീകാധിക്ഷേപത്തിനെതിരെ വനിത കമീഷനില്‍ പരാതി നല്‍കിയവരെ പിന്തുണച്ചതോടെയാണ് എംഎസ്എഫ് നേതാക്കളില്‍ പലരും നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. നവാസ് അടക്കമുള്ള നേതാക്കളുടെ അധിക്ഷേപത്തിന് ഇരകളായ ഹരിത നേതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് പിപി ഷൈജല്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ശബ്ദം ഉയര്‍ത്തുന്നവരെ ലക്ഷ്യമിട്ട് നേതൃത്വം ആക്രമിക്കുകയാണെന്നും ഷൈജല്‍ പറഞ്ഞിരുന്നു.

ഹരിത വിഷയത്തിന് പിന്നാലെ മുസ്ലീംലീഗില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്. നിലവിലുള്ള എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാനാണ് ഒടുവില്‍ ലീഗില്‍ ധാരണയായിരിക്കുന്നത്. ജില്ലാതലത്തില്‍ എംഎസ്എഫിനൊപ്പം മാത്രമേ ഇനി ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. കമ്മിറ്റിയില്‍ സഹ ഭാരവാഹിത്വമെങ്കിലും ഉണ്ടാകും. ഈ മാസം 26ന് ചേരുന്ന ലീഗ് യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. ക്യാമ്പസില്‍ മുസ്ലിം വനിതകളുടെ ധാര്‍മിക കാര്യങ്ങള്‍ പരിപോഷിപ്പിക്കലാണ് ഹരിതയുടെ പുതിയ നിയോഗം. ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പം നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ജില്ലാകമ്മിറ്റി ഇല്ലാതെ സംസ്ഥാനകമ്മിറ്റി മാത്രം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

Popular

    Next Story