'മകള്‍ പഠിച്ചിരുന്ന ഫോണ്‍ അടക്കം കൊണ്ടുപോയി; അന്വേഷിച്ചോട്ടെ, എനിക്ക് ഒരു കുഴപ്പവുമില്ല', ക്രൈംബ്രാഞ്ച് റെയ്ഡില്‍ സികെ ജാനു
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് രേഖകളും മറ്റും കണ്ടെത്തിയത്.
9 Aug 2021 10:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റെയ്ഡില്‍ പ്രതികരണവുമായി ജെആര്‍പി നേതാവ് സി കെ ജാനു. തന്റെ മകള്‍ ഓണ്‍ലൈന്‍ പഠനത്തിനുപയോഗിക്കുന്ന ഫോണ്‍ അടക്കമാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. മകളെ പഠനത്തില്‍ സഹായിക്കാന്‍ വന്ന സഹോദരന്റെ മകന്റെയും ഫോണ്‍ കൊണ്ടുപോയിട്ടുണ്ട്. ഇതിനുപുറമെ ബാങ്ക് ലോണ്‍ അടച്ചതിന്റെ രേഖകളും വാഹനം വില്‍പ്പന നടത്തിയതിന്റെ രേഖകളുമാണ് കൊണ്ടുപോയിരിക്കുന്നത്. അതെല്ലാം കൊണ്ടുപോയി അന്വേഷിക്കട്ടെയെന്നും തനിക്ക് അതില്‍ ഒരു കുഴപ്പവുമില്ല എന്നും സി കെ ജാനു പറഞ്ഞു.
ഇന്നുപകല്‍ എട്ടുമണിയോടെയായിരുന്നു സി കെ ജാനുവിന്റെ വീട്ടില്‍ ക്രൈബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് രേഖകളും മറ്റും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അതേസമയം സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരേയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേയുമാണ് തെളിവുകള്‍ നശിപ്പിച്ചതിന് കേസെടുക്കുക. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് നോട്ടീസുകള്‍ അയച്ചിരുന്നെങ്കിലും ഇരുവരും ഇത് നിരസിച്ചതോടെയാണ് നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനുവിന് പണം നല്‍കിയതെന്ന് ജെആര്‍പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.
Next Story