Top

'താരിഖ് അന്‍വർ ഇനി കേരളത്തിലേക്ക് വരേണ്ടതില്ല'; പ്രശ്നങ്ങള്‍ സമ്പൂർണമായി പരിഹരിച്ചെന്ന് സുധാകരന്‍

പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

6 Sep 2021 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താരിഖ് അന്‍വർ ഇനി കേരളത്തിലേക്ക് വരേണ്ടതില്ല; പ്രശ്നങ്ങള്‍ സമ്പൂർണമായി പരിഹരിച്ചെന്ന് സുധാകരന്‍
X

ഡിസിസി പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ അരങ്ങേറിയ പ്രതിസന്ധികള്‍ക്ക് പരിഹാരമായാതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണവെയാണ് പ്രതിസന്ധികള്‍ക്ക് പരിഹാരമായതായി സുധാകരന്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ വെച്ചാണ് മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ ചര്‍ച്ച നടത്തിയത്.

'കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ സമ്പൂര്‍ണ്ണമായി പരിഹരിച്ചു. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ല. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇനി കേരളത്തിലേക്ക് വരേണ്ടതില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചു.'

പ്രശ്‌ന പരിഹാരത്തിന് ധാരണയായെന്ന് വ്യക്തമാക്കിയ കെ സുധാകരന്‍ ഉരുകാന്‍ മഞ്ഞുണ്ടായിരുന്നില്ലെന്നും പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയോട് വിശദീകരണം തേടും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന യോഗത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടാന്‍ തീരുമാനമായത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

സമവായ ചര്‍ച്ചകളുടെ ആദ്യപടിയായി ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും അവരുടെ വീടുകളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീടുകളില്‍ പോയി കാണുകയും വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കൂടുതല്‍ ചര്‍ച്ച നടക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തല കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെ പറഞ്ഞിരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ ഇന്ന് പ്രശ്‌ന പരിഹാരമായാതായി കെ സുധാകരന്‍ വ്യക്തമാക്കിയത്.

Next Story

Popular Stories