Top

'മാപ്പ്, തെറ്റ് പറ്റി'; സെയ്തലവിയുടെ വിശദീകരണം

ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്.

22 Sep 2021 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പ്, തെറ്റ് പറ്റി; സെയ്തലവിയുടെ വിശദീകരണം
X

ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കള്ളവാണെന്ന് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. തെറ്റു പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെയ്തലവി പറഞ്ഞത്: ''ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്. എനിക്കൊരു തെറ്റ് പറ്റി പോയി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു.'' വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

ആരാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശിസെയ്തലവി രംഗത്തെത്തിയത്. നാട്ടിലെ സുഹൃത്ത് അഹമ്മദ് വഴിയാണ് ലോട്ടറിയെടുത്തതെന്നും സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, സെയ്തലവിയുടെ വാക്കുകള്‍ തള്ളി സുഹൃത്ത് അഹമ്മദും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്നാണ് അഹമ്മദ് പറഞ്ഞത്.

അഹമ്മദ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്: ''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്.''

Next Story

Popular Stories