Top

'ദാരിദ്ര്യം ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനം നടത്തുന്നതാരാണെന്ന് കേരളീയര്‍ക്കറിയാം'; പാലാ ബിഷപ്പിന് വിവാദ മറുപടിയുമായി എസ്കെഎസ്എസ്എഫ്

ബിഷപ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം.

9 Sep 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദാരിദ്ര്യം ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനം നടത്തുന്നതാരാണെന്ന് കേരളീയര്‍ക്കറിയാം; പാലാ ബിഷപ്പിന് വിവാദ മറുപടിയുമായി എസ്കെഎസ്എസ്എഫ്
X

കോഴിക്കോട്: മുസ്‌ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയര്‍ത്തി പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്‌കെഎസ്എസ്എഫ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

ബിഷപ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. ഇതോടൊപ്പം സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.

അതേസമയം, രോഗവും ദാരിദ്ര്യവും ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരൊക്കെയാണെന്ന് പ്രബുദ്ധരായ കേരളീയര്‍ക്കറിയാമെന്ന പരോക്ഷ ആരോപണവും ഉന്നയിച്ചുകൊണ്ടായിരുന്നു എസ്‌കെഎസ്എസ്എഫിന്റെ പ്രസ്ഥാവന.

ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുന്നെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ വിവാദ പരാമര്‍ശം.

'ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മത വ്യാപനവും അമുസ്ലിങ്ങളുടെ നാശവും ആവുമ്പോള്‍ അതിന് സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാവുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റു മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാര്‍ഗങ്ങളിലൂടെയോ ജിഹാദികള്‍ വശത്താക്കുന്നത്', ബിഷപ്പ് പറഞ്ഞു.

ലൗ ജിഹാദ് ഇല്ല എന്നു പറയുന്ന രാഷ്ട്രീയക്കാരുള്‍പ്പെടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് പിന്നില്‍ നിക്ഷിപിത താല്‍പര്യം ഉണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. മതാന്തര വിവാഹങ്ങള്‍ പള്ളിയില്‍ വെച്ചുള്‍പ്പെടെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിവാഹത്തിനു ശേഷമുണ്ടാവുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിനു പിന്നില്‍ വലിയ തോതിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് വ്യക്തമാവുന്നതെന്നും ബിഷപ്പ് പറഞ്ഞു.

Next Story