Top

ശ്രേയാംസ് കുമാറിന്റെ തോല്‍വി; സിപിഐഎമ്മില്‍ കൂട്ട നടപടി

സികെ ശശീന്ദ്രനെതിരെയുള്ള നടപടി സംസ്ഥാന കമ്മിറ്റിയിലാകും തീരുമാനിക്കുക.

16 Sep 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയാംസ് കുമാറിന്റെ തോല്‍വി; സിപിഐഎമ്മില്‍ കൂട്ട നടപടി
X

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എം വി ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ സിപിഐഎമ്മില്‍ കൂട്ട നടപടി. കല്‍പ്പറ്റ ലോക്കല്‍ ഏരിയ സെക്രട്ടറിമാര്‍, ഏരിയ കമ്മിറ്റി അംഗം എന്നിവര്‍ക്കെതിരെയാണ് കടുത്ത നടപടിയെടുത്തത്.

കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി പി.കെ. അബുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് നീക്കം ചെയ്ത്. കല്‍പ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കി. ഏരിയാ കമ്മറ്റി അംഗം പി.സാജിതയെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കി. സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിച്ചു, പ്രചാരണങ്ങളില്‍ വീഴ്ച വരുത്തി എന്നിവയാണ് കണ്ടെത്തല്‍.

എം മധു സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ്. വോട്ടു ചോര്‍ച്ചയും, പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവാത്തതുമാണ് പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്ന മൂന്നു പേര്‍ക്കെതിരെയും കടുത്ത നടപടിയെടുക്കാന്‍ കാരണം. ജെഡിയു ഇക്കാര്യം നേരത്തെ ഉന്നയിച്ചിരുന്നു. കല്‍പ്പറ്റ മുന്‍ എംഎല്‍എ കൂടിയായിരുന്ന സികെ ശശീന്ദ്രനെതിരെയുള്ള നടപടി സംസ്ഥാന കമ്മിറ്റിയിലാകും തീരുമാനിക്കുക.

Next Story