Top

'ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുത്'; സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സിപിഐഎം

മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരുമ്പോള്‍ സ്ഥാനങ്ങളില്‍ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ട

15 Sep 2021 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുത്; സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സിപിഐഎം
X

പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സിപിഐഎം. ജില്ലാ കമ്മിറ്റികള്‍ക്ക് താഴെയുള്ളവര്‍ ദൈനംദിന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശുപാര്‍ശ വേണ്ടെന്നുമാണ് സിപിഐഎം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ ഭരണം കിട്ടിയാല്‍ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് സിപിഐഎം കുറിപ്പ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരുമ്പോള്‍ സ്ഥാനങ്ങളില്‍ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും സിപിഐഎം പ്രാദേശികനേതാക്കളോട് വ്യക്തമാക്കി.

തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തിന്റെ ആവേശത്തിലാണ് സിപിഐഎം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളുടെ ചൂടിലേക്ക് കടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പും കൊവിഡും മൂലം ഒരു വര്‍ഷത്തോളം നീട്ടിവച്ച ശേഷമാണ് സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ഉള്ളതു കൊണ്ടും പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കേണ്ടതിനാലുമാണ് കണ്ണൂരില്‍ ആദ്യം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്.

ഒരിക്കല്‍ കേരളത്തിലെ പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയ്ക്കും ഇന്ന് അയവു വന്നിരിക്കുന്നു. പഴയതു പോലെ രണ്ടു ചേരികള്‍ ഇല്ലെങ്കിലും പ്രാദേശിക ഭിന്നതകളും നേതാക്കളെ കേന്ദ്രീകരിച്ചുള്ള ലോബികളുടെ ഇടപെടലുകളും സമ്മേളന നടപടികളില്‍ പ്രതിഫലിക്കാം. ഭരണത്തുടര്‍ച്ചയ്ക്ക് ഓരോ ഘടകവും നല്‍കേണ്ട പിന്തുണ സമ്മേളനങ്ങളുടെ പ്രതിപാദ്യ വിഷയമാകും. ആ ഘടകത്തിനു കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്തും.അങ്ങനെ സമ്മേളനങ്ങള്‍ പൊതുവില്‍ പിരിമുറുക്കം കുറഞ്ഞ അന്തരീക്ഷത്തിലാണ് നടക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സമ്മേളന പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഏരിയ, ജില്ലാ സമ്മേളനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമാകും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയ പ്രതിനിധികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.കമ്മിറ്റികളിലും ഭാരവാഹിത്വത്തിനും 75 വയസ്സ് പ്രായപരിധി ആക്കിയതോടെ മുതിര്‍ന്ന നേതാക്കളില്‍ ഒരു പങ്ക് കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെടും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ജില്ലാ സമ്മേളനങ്ങള്‍. ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടക്കും.

Popular

    Next Story