'ഇനിയും ലീഗിനെ ആക്രമിച്ചാല്‍ പാര്‍ട്ടി വിരുദ്ധരായി കണക്കാക്കും'; ഹരിത വിഷയത്തില്‍ മുന്നറിയിപ്പുമായി ഷാഫി ചാലിയം
ആരോപിതര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായില്ലെന്ന കുറ്റമാണ് പലരും ആരോപിക്കുന്നത്
27 Aug 2021 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത മുന്നോട്ടുവച്ച് നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുത്തിട്ടും ഇനിയും മുസ്ലീംലീഗിനെ ആക്രമിക്കുന്നത് ആരായാലും അവരെ പാര്‍ട്ടി വിരുദ്ധരായി കാണേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
ഹരിതക്ക് പുറമെ എം.എസ്.എഫ് ജില്ലാ സംസ്ഥാന കമ്മറ്റികളില്‍ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും സ്ത്രീപക്ഷ തീരുമാനങ്ങളായല്ലേ സമൂഹം കാണേണ്ടതെന്നും ഷാഫി റിപ്പോര്‍ട്ടര്‍ ടിവിയോടെ പറഞ്ഞു.
ആരോപിതര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായില്ലെന്ന കുറ്റമാണ് പലരും ആരോപിക്കുന്നത്. അച്ചടക്ക നടപടി എന്നാല്‍ പുറത്താക്കല്‍ മാത്രമാണെന്ന ചിലരുടെ ധാരണ വിവരമില്ലായ്മയാണ്. ശാസിക്കല്‍, മാപ്പ് പറയിപ്പിക്കല്‍, കീഴ് ഘടകങ്ങളിലേക്ക് തരം താഴ്ത്തല്‍ ഇവയൊക്കെ അച്ചടക്ക നടപടികള്‍ തന്നെയാണ്. ഇതില്‍ മുകളില്‍ പറഞ്ഞ രണ്ട് നടപടികളാണ് നവാസിനെതിരെ ലീഗ് സ്വീകരിച്ചത്. നവാസിന്റെ ഖേദം പറയല്‍ മതിയായ ഖേദപ്രകടനം ആയില്ല എന്നാക്ഷേപമുണ്ടെങ്കില്‍ പാര്‍ട്ടി അതും ഗൗരവപരമായി കാണുമെന്നും ഷാഫി പറഞ്ഞു.
ഹരിതയെ മരവിപ്പിച്ച പാര്‍ട്ടി തീരുമാനം തെറ്റായിപ്പോയി എന്ന് വിലപിച്ചവര്‍ എന്ത് കൊണ്ടാണ് ആ നിലപാട് തിരുത്തിയ പാര്‍ട്ടി നിലപാടിനെ അഭിനന്ദിക്കാത്തതെന്നും ഷാഫി ചാലിയം ചോദിച്ചു. ഏതൊരു അഭിസാരികക്കും' എന്ന അച്യുതാനന്ദന്‍ ലതിക സുഭാഷിനോട് ഉപയോഗിച്ച ഭാഷ ലീഗ് സംവിധാനത്തില്‍ ഉപയോഗിച്ച നവാസിന്റെ നടപടി ലീഗ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തെ ശാസിച്ചതും പരസ്യ ഖേദ പ്രകടനം നടത്താന്‍ ആവശ്യപ്പെട്ടതും. ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണത്തില്‍ ഹരിത സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം മാനിച്ചില്ലെന്ന പരാതിക്ക് പരിഹാരമായി ഹരിത നിര്‍ദ്ദേശിക്കുന്നവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഹരിത നേതാക്കളെ ബഹുമാനിച്ച് എടുത്ത തീരുമാനമല്ലേയെന്നും ഷാഫി ചോദിച്ചു.
- TAGS:
- MSF HARITHA
- Muslim League