'അമേരിക്കയില്‍ നിന്ന് വിളിവന്നു, ദശാവതാരമടക്കം താന്‍ നിര്‍മ്മിച്ച ശില്പ്പങ്ങള് ചന്ദനമരത്തില്‍ തീര്‍ത്തതെന്ന് പ്രചരിപ്പിച്ചു'; മോന്സന് തരാനുള്ളത് 75 ലക്ഷമെന്ന് ശില്പി സുരേഷ്
ശില്പ്പങ്ങള് വിറ്റ് ഒരു മാസത്തിന് ശേഷം പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും അത് കിട്ടിയിട്ടില്ലെന്നും ഇനി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സുരേഷ് പറഞ്ഞു.
29 Sep 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി തിരുവനന്തപുരത്തെ ശില്‍പ്പി സുരേഷ്. മോന്‍സന്റെ കൈവശമുള്ള ദശാവതാരമടക്കമുള്ള ശില്പ്പങ്ങള് തന്റേതാണെന്നും സുരേഷ് പറഞ്ഞു. 75 ലക്ഷം രൂപയാണ് മോന്സന് തരാനുള്ളത്. ആറ് ശില്പ്പങ്ങള് മോന്സന് നല്‍കിയിട്ടുണ്ട്. അതിന്റെ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും എന്നാല്‍ അത് കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സുരേഷ് വ്യക്തമാക്കി.
വില്‍പ്പനയ്ക്ക് വെച്ചിരുന്ന ശില്പ്പങ്ങള് അമേരിക്കയില്‍ നിന്ന് വന്ന ഫോണ്‍കോള്‍ പ്രകാരമാണ് മോന്സന് നല്‍കിയത്. കൊച്ചിയില്‍ മോന്‍സനെ ചെന്ന് കാണാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2019 ലാണ് ആറ് ശില്പ്പങ്ങള് അയാള്‍ക്ക് കൈമാറിയത്. ശില്പ്പങ്ങള് വിറ്റ് ഒരു മാസത്തിന് ശേഷം പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും അത് കിട്ടിയിട്ടില്ലെന്നും ഇനി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സുരേഷ് പറഞ്ഞു.
കുമ്പിള് തടിയില്‍ നിര്‍മ്മിച്ച ശില്പ്പങ്ങള് ചന്ദനമരത്തില്‍ തീര്‍ത്തവയാണെന്നായിരുന്നു മോന്സന് പ്രചരിപ്പിച്ചിരുന്നത്. പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങി ആറ് ശില്‍പ്പങ്ങളാണ് സുരേഷില്‍ നിന്നും മോന്സന് കൈവശപ്പെടുത്തിയത്. മോന്സന് അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി അയാളെ കണ്ടിരുന്നുവെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ദിവസത്തിനകം നല്‍കാമെന്നുമായിരുന്നു അയാള്‍ പറഞ്ഞിരുന്നതെന്നും സുരേഷ് വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലും സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശില്പ്പങ്ങള് തിരികെ വേണമെന്നും സുരേഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ശില്‍പ്പ നിര്‍മ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ് സുരേഷ്. ദീര്‍ഘകാലം വിദേശത്തായിരുന്ന ഇദ്ദേഹം മടങ്ങിയെത്തിയ ശേഷംവര്ഷങ്ങളോളം അധ്വാനിച്ചാണ് ശില്പ്പങ്ങള് ഉണ്ടാക്കിയത്. ശില്‍പ്പങ്ങളുടെ പണം ലഭിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായെന്നും താനൊരു ഹൃദ്രോഗിയായെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു