Top

അഫ്ഗാന്‍ വിഷയം; ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കായി സൗദിയും യുഎഇയും

പ്രധാനമന്ത്രിയുമായും അഫ്ഗാന്‍ വിഷയം സംബന്ധിച്ച് സൗദി വിദേശകാര്യന്ത്രി സംഭാഷണത്തിലേര്‍പ്പെടുമെന്നാണ് സൂചന.

14 Sep 2021 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഫ്ഗാന്‍ വിഷയം; ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കായി സൗദിയും യുഎഇയും
X

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സൗദിയും യുഎഇയും. ഇന്ത്യയുമായി അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് സെപ്തംബര്‍ 19ന് ഇന്ത്യയിലെത്തിച്ചേരുമെന്നാണ് അറിയുന്നത്. പശ്ചിമേഷ്യയില്‍ ഇന്ത്യയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന സൗദിയും യുഎഇയും അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിലും ഖത്തറിന് താലിബാന്‍ സര്‍ക്കാരിന്‍ മേലുള്ള സ്വാധീനത്തിലും ഏറെ അസ്വസ്ഥരാണെന്ന് സൂചനയുണ്ട്. അതിനിടെയാണ് ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് പ്രതിനിധികളെ അഫ്ഗാന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി അയക്കുന്നത്.

തുര്‍ക്കി, പാകിസ്താന്‍, ഖത്തര്‍ തുടങ്ങീ രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാരിന് നല്കുന്ന പിന്തുണ സൗദിയും യുഎഇയും കാണുന്നത് വിമര്‍ശപരമായാണ്. അതിനിടെ യുഎഇ രാജകുമാരന്‍ ഷേക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നയാനുമായി സെപ്തംബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണില്‍ സംസാരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ ഡോക്ടര്‍ അന്‍വര്‍ ഗര്‍ഗേഷും ഇതിനിടെ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ആഗസ്ത് 30ന് കൂടിക്കാഴ്ച്ച നടത്തി.

സെപ്തംബര്‍ 19ന് ഇന്ത്യയിലെത്തുന്ന സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ മുഹമ്മദ് സുപ്രധാന കൂടിക്കാഴ്ച്ചകളില്‍ പങ്കാളിയാവും. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാഉപദേഷ്ട്ടാവ് അജിത് ഡോവല്‍ എന്നിവരുമായി നേരിട്ട് ഫൈസല്‍ ബിന്‍ മുഹമ്മദ് കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുമായും അഫ്ഗാന്‍ വിഷയം സംബന്ധിച്ച് സൗദി വിദേശകാര്യന്ത്രി സംഭാഷണത്തിലേര്‍പ്പെടുമെന്നാണ് സൂചന.

അഫ്ഗാനിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഖത്തര്‍ താലിബാന്‍ സര്‍ക്കാരിന് നിയമസാധുത നല്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്. അതിനിടെ ഖത്തറും പാകിസ്ഥാനും തുര്‍ക്കിയും കൂടുതല്‍ സഹകരണ മേഖലകള്‍ താലിബാന് മുന്നില്‍ തുറന്നതായാണ് അറിയുന്നത്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യ വാണിജ്യവിമാനം പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ഇറക്കി. കാബൂള്‍ എയര്‍പോര്‍ട്ടിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിന് ഖത്തര്‍ താലിബാനെ സഹായിക്കുന്നുണ്ട്.

Popular

    Next Story