Top

'ആ കുഞ്ഞിനെ സഹായിക്കാൻ നാം മതം നോക്കിയില്ല, പ്രളയത്തിൽ ചേർത്തുപിടിക്കാനും'; കേരളത്തിൽ സ്നേഹ​ ജിഹാദുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ദുരന്തമുഖത്ത് തന്നെ നാം സഹാനുഭൂതിയുടെയും സഹായ സന്നദ്ധതയുടെയും എത്രയെത്ര മനോഹര മുഹൂർത്തത്തൾക്ക് സാക്ഷികളായി! സ്വജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ആ ആത്മധൈര്യത്തെയല്ലേ നാം ജിഹാദ് എന്ന് വിളിക്കേണ്ടിയിരുന്നത്?

15 Sep 2021 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ കുഞ്ഞിനെ സഹായിക്കാൻ നാം മതം നോക്കിയില്ല, പ്രളയത്തിൽ ചേർത്തുപിടിക്കാനും; കേരളത്തിൽ സ്നേഹ​ ജിഹാദുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ
X

നാർകോടിക് ജിഹാദ് വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങൾ. നിക്ഷിപ്ത താത്പര്യക്കാരുടെ തെറ്റായ പ്രയോഗം മൂലം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് 'ജിഹാദെ'ന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ വ്യവസ്ഥയിൽ എല്ലാ കാലത്തും സ്‌നേഹത്തിന്റെ ജിഹാദ് ഉണ്ടായിട്ടുണ്ട്. പ്രണയം, വിവാഹം എന്ന വിവക്ഷയിൽനിന്ന് മാറി സ്‌നേഹം ഒറ്റ അർത്ഥത്തിൽ നോക്കിയാലും; യുദ്ധം, പോരാട്ടം എന്ന ധാരണകളെ ഒഴിവാക്കി നന്മ, സ്വയം ശുദ്ധീകരണം എന്ന രീതിയിൽ ജിഹാദിനെ അറിഞ്ഞാലും നമുക്ക് ഒരു പാട് 'സ്‌നേഹജിഹാദുകൾ' കാണാനാവുമെന്നും സാദിഖലി കുറിച്ചു.

യഥാർത്ഥ അർത്ഥത്തിലും പ്രയോഗത്തിലും ഉപയോഗിച്ചാൽ ഒരുപാട് സാധ്യതകൾ ഉള്ള മനോഹരമായ രണ്ട് പദങ്ങളാണ് സ്‌നേഹവും ജിഹാദും. നിക്ഷിപ്ത താൽപര്യത്താൽ അവയെ ഒന്നിച്ച് ചേർത്തപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട് പോയതാണ്. സ്‌നേഹം എന്ന വാക്കിനെക്കുറിച്ച് ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ. പക്ഷേ, ജിഹാദ് എന്ന പദത്തെ അതിന്റെ ഉത്ഭവഘട്ടം മുതൽ വിശദീകരിക്കേണ്ടി വരുന്നുമുണ്ട്. ഇസ്‌ലാമിക വിശ്വാസത്തിൽനിന്നും ഗ്രന്ഥങ്ങളിൽനിന്നും പുറത്തുവന്ന ഈ വാക്കിനെ ഇതര മതസ്ഥർക്ക് മനസ്സിലാക്കി കൊടുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിന് തന്നെയാണ്. പലപ്പോഴും ഇസ്‌ലാം എന്ന മതത്തെ ഭയത്തിന്റെ നിഴലിൽ നിർത്താൻ ഈ പദം ഉപയോഗിക്കുന്നുണ്ട്. ലേഖനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു.

സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ് വായിക്കാം

സ്‌നേഹ ജിഹാദുകളുടെ കാലം

യഥാർത്ഥ അർത്ഥത്തിലും പ്രയോഗത്തിലും ഉപയോഗിച്ചാൽ ഒരുപാട് സാധ്യതകൾ ഉള്ള മനോഹരമായ രണ്ട് പദങ്ങളാണ് സ്‌നേഹവും ജിഹാദും. നിക്ഷിപ്ത താൽപര്യത്താൽ അവയെ ഒന്നിച്ച് ചേർത്തപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട് പോയതാണ്. സ്‌നേഹം എന്ന വാക്കിനെക്കുറിച്ച് ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ. പക്ഷേ, ജിഹാദ് എന്ന പദത്തെ അതിന്റെ ഉത്ഭവഘട്ടം മുതൽ വിശദീകരിക്കേണ്ടി വരുന്നുമുണ്ട്. ഇസ്‌ലാമിക വിശ്വാസത്തിൽനിന്നും ഗ്രന്ഥങ്ങളിൽനിന്നും പുറത്തുവന്ന ഈ വാക്കിനെ ഇതര മതസ്ഥർക്ക് മനസ്സിലാക്കി കൊടുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിന് തന്നെയാണ്. പലപ്പോഴും ഇസ്‌ലാം എന്ന മതത്തെ ഭയത്തിന്റെ നിഴലിൽ നിർത്താൻ ഈ പദം ഉപയോഗിക്കുന്നുണ്ട്.

ജിഹാദ്

മഹത്തായ ലക്ഷ്യത്തിന്‌വേണ്ടി പരമാവധി കഴിവും അധ്വാനവും ചെലവഴിക്കുക എന്നതാണ് 'ജിഹാദ്'കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിക്ക്‌വേണ്ടി സുദീർഘവും ക്ലേശപൂർണ്ണവുമായ പോരാട്ടം കൂടിയാണത്. അവനവനകത്ത് തലപൊക്കുന്ന തിന്മകൾക്കെതിരാണ് ആ പോരാട്ടം. മനുഷ്യനെ ശുദ്ധീകരിക്കുന്നതിന് ഈ പ്രക്രിയ അനിവാര്യമാണ്. എങ്കിൽ, 'ജിഹാദിന് യുദ്ധം എന്ന അർത്ഥമില്ലേ?' എന്ന ചോദ്യം ഉയർന്ന്‌വരിക സ്വാഭാവികമാണ്. ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. ആരോട്? എപ്പോൾ? എങ്ങനെ? എന്ന്കൂടി പറയുമ്പോൾ മാത്രമേ ആ ഉത്തരം പൂർണ്ണമാവൂ. ഇസ്‌ലാമിക ചരിത്രം പഠിക്കുന്നവർക്ക് ആ ചോദ്യത്തിക്കൾക്കുള്ള ഉത്തരങ്ങൾ എളുപ്പമാണ്. പോരാട്ടം ജാഹിലിയ്യത്തിനെതിരായിട്ടാണ്. 'സ്ത്രീകളും വൃദ്ധരും കുട്ടികളും അക്രമിക്കപ്പെടുമ്പോൾ നിങ്ങൾ പോരാട്ടത്തിന് സന്നദ്ധരാവാത്തത് എന്തുകൊണ്ട്' എന്ന ഖുർ ആനിലെ ചോദ്യത്തിൽ നിന്ന് ജാഹിലിയ്യത്ത് എന്താണെന്ന് മനസ്സിലാക്കിയെടുക്കാനാവും.

അക്രമകാരികൾക്കെതിരായിട്ടാണ് ആ സമരം. അത്തരം പോരാട്ടഘട്ടങ്ങളെക്കുറിച്ച് സൂക്ഷമത പാലിക്കാൻ ഖലീഫ ഉമറുബ്‌നു ഖത്താബ് (റ) ന്റെ വാക്കുകൾ നോക്കുക. 'ഇസ്‌ലാമിൽ വളർന്നവരും ജാഹിലിയ്യത്തിനെ മനസ്സിലാക്കിയിട്ടില്ലാത്തവരുമായ ആളുകൾ ഇസ്‌ലാമിനെ പിരിപിരിയായി അഴിച്ചുമാറ്റുമെന്ന് ഞാൻ ഭയപ്പെടുന്നു'. അതായത് മതത്തെ തിരിച്ചറിയാതെ, എതിരാളിയെ മനസ്സിലാക്കാതെ ജിഹാദിന് ഒരുമ്പെടുന്നവർ മതത്തെതന്നെ നശിപ്പിക്കുമെന്ന് അർത്ഥം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും ഭരണ സംവിധാനങ്ങളും നിലവിൽ വന്ന പുതിയ കാലത്ത് അക്രമകാരികളെ നിലക്ക് നിർത്താനുള്ള പോരാട്ടങ്ങൾ വ്യക്തികളോ മതങ്ങളോ ഏറ്റെടുക്കേണ്ടതില്ലല്ലോ. പഴയ കാലത്ത് മനുഷ്യർ ആയുധങ്ങൾ ശരീരത്തിൽ അണിഞ് നടന്നിരുന്നു. മൃഗങ്ങളിൽനിന്നും അക്രമികളായ മനുഷ്യരിൽനിന്നും രക്ഷ നേടാനാണ് ആയുധങ്ങൾ കൈയിൽ സൂക്ഷിച്ചിരുന്നത്. സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ് മനുഷ്യനെ നിരായുധനാക്കിയത്. അത്‌പോലെ തന്നെ ജാഹിലിയ്യത്തിനെതിരായ പോരാട്ടങ്ങൾ ജനാധിപത്യപരമായി നിർവഹിക്കാവുന്ന ഒരു കാലത്തിലേക്ക് മാറുമ്പോൾ യുദ്ധങ്ങളും ആയുധങ്ങളും വ്യർത്ഥമാവുകയാണ്. പഴയ കാലത്ത് എല്ലാ ആശയ സംഹിതകൾക്കും നിലനിൽപ്പിന് വേണ്ടി സായുധ പോരാട്ടങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്. നിസ്വതയെക്കുറിച്ച് മാത്രം പറഞ്ഞ ശ്രീബുദ്ധന്റെ അനുയായികൾക്ക്‌പോലും ആയുധാഭ്യാസം പരിശീലിക്കേണ്ടിവന്നത് അക്രമങ്ങൾ സഹിക്കാനാവാത്തത്‌കൊണ്ടായിരുന്നല്ലോ. മനുഷ്യർ ജനാധിപത്യത്തിലേക്കും സഹിഷ്ണുതയിലേക്കും വളർന്ന കാലത്ത് പഴയ യുദ്ധകാലത്തെ ഓർക്കുകയല്ല വേണ്ടത്. അങ്ങനെ ജിഹാദ് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വഴിയിലുള്ള ആത്മീയ പരിശീലനമായിമാറുന്നു.

സ്‌നേഹത്തിന്റെ ജിഹാദ്

കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ വ്യവസ്ഥയിൽ എല്ലാ കാലത്തും സ്‌നേഹത്തിന്റെ ജിഹാദ് ഉണ്ടായിട്ടുണ്ട്. പ്രണയം, വിവാഹം എന്ന വിവക്ഷയിൽനിന്ന് മാറി സ്‌നേഹം ഒറ്റ അർത്ഥത്തിൽ നോക്കിയാലും; യുദ്ധം, പോരാട്ടം എന്ന ധാരണകളെ ഒഴിവാക്കി നന്മ, സ്വയം ശുദ്ധീകരണം എന്ന രീതിയിൽ ജിഹാദിനെ അറിഞ്ഞാലും നമുക്ക് ഒരു പാട് 'സ്‌നേഹജിഹാദുകൾ' കാണാനാവും.

ഈ അടുത്ത കാലത്തുണ്ടായ രണ്ട് മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ദുരന്തപൂർണ്ണവും വേദനാജനകവുമായ അനുഭവങ്ങളാണ് നമുക്ക് തന്നത്. പക്ഷേ ആ ദുരന്തമുഖത്ത് തന്നെ നാം സഹാനുഭൂതിയുടെയും സഹായ സന്നദ്ധതയുടെയും എത്രയെത്ര മനോഹര മുഹൂർത്തത്തൾക്ക് സാക്ഷികളായി! സ്വജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ആ ആത്മധൈര്യത്തെയല്ലേ നാം ജിഹാദ് എന്ന് വിളിക്കേണ്ടിയിരുന്നത്? ജീവനും സ്വത്തും നൽകി പരസഹായത്തിനിറങ്ങാൻ അവർ ഏതെങ്കിലും മതനേതാക്കളുടെ ആഹ്വാനം കാത്ത് നിന്നില്ലല്ലോ. നമ്മുടെ മതനേതൃത്വവും ഇതിൽ പങ്കാളികളാവാൻ മടിച്ച്‌നിന്നില്ല. പ്രളയത്തിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾക്ക് ആരാധനാലയം തുറന്ന്‌കൊടുത്ത ജനതയാണ് നാം, ആ മൃതശരീരത്തിന്റെ മതം ചോദിക്കാതെ. മതത്തിനതീതമായി സ്‌നേഹത്തെ ആഘോഷിക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാട് പൂർവികർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്

അപൂർവ്വ രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുഞ്ഞു സഹോദരന്റെ ചികിത്സക്ക് കോടികൾ പിരിച്ചെടുത്തത് ഈ കൊച്ചു കേരളത്തിന്റെ നന്മ മനസ്സിൽ നിന്നായിരുന്നു. ആരും ആ കുട്ടിയുടെ മതം ചോദിച്ചില്ല. ഓരോ ഗ്രാമത്തിനും അത്തരം ഒരുപാട് ഹൃദ്യാനുഭവങ്ങൾ പറയാനുണ്ടാവും. ഒരു മരണ വീട്ടിലുണ്ടായ സംഭവം പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊരു മുസ്‌ലിം കുടുംബമായിരുന്നു. കാലങ്ങളായി അസുഖ ബാധിതനായി കിടക്കുന്ന ഗൃഹനാഥനാണ് മരണപ്പെട്ടിട്ടുള്ളത്. അന്ത്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ട്‌പോകാൻ വീടിന്റെ മുറ്റത്ത് എത്തിയിട്ട് കുറച്ചേറെ സമയമായി. ആരെയോ കാത്തിരിക്കുകയാണ് വീട്ടുകാർ. സമയം വൈകിയെന്ന തരത്തിൽ ചിലരൊക്കെ അക്ഷമരായി അടക്കം പറയാൻ തുടങ്ങി. ഈ സമയത്ത് ഒരു ക്രിസ്ത്യൻ പുരോഹിതൻ അങ്ങോട്ട് കടന്നുവന്നു. പരേതന്റെ മക്കൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കൈകൂപ്പി. ആ പുരോഹിതൻ അവരെ ചേർത്ത്പിടിച്ച് ആശ്വസിപ്പിച്ചു. ശേഷം മൃതദേഹം ഖബറടക്കാൻ എടുത്തു.

ഈ സംഗതിയെ കുറിച്ച് അന്വേഷിച്ചവർക്ക് മറുപടിയായി ആ മക്കൾ പറഞ്ഞത് ഇതായിരുന്നു. 'ഒഴിവുള്ള സമയത്തെല്ലാം ആഴ്ചയിൽ ഒരു ദിവസമെങ്കിലും അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വരും. ബെഡിൽനിന്ന് എഴുന്നേൽക്കാനാവാത്ത ബാപ്പയെ സമാധാനിപ്പിച്ച് സംസാരിച്ചു കൊണ്ടിരിക്കും. അവസാനം പോകുമ്പോൾ ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കും. ആ പുരോഹിതൻ വരാതെ ഉപ്പയുടെ സംസ്‌കാര ചടങ്ങ് തുടങ്ങരുതെന്ന ഞങ്ങളുടെ തീരുമാനം അത് കൊണ്ടായിരുന്നു.' ആ പുരോഹിതന്റെ പ്രവൃത്തിയെ നമുക്ക് 'സ്‌നേഹജിഹാദ്' എന്ന് വിളിക്കാം. അങ്ങനെ നൂറ് നൂറ് കഥകൾ പറയാനുണ്ടാവുമ്പോൾ നാമെന്തിന് അകന്ന്‌നിൽക്കണം? നമുക്ക് സ്‌നേഹ ജിഹാദിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം.

Popular

    Next Story