Top

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയനെ തള്ളി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം; 'വിശദീകരണം തേടും'

തെറ്റായ സിലബസ് അനുവദിക്കാനാകില്ല, ശക്തമായി എതിര്‍ക്കും

10 Sep 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയനെ തള്ളി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം; വിശദീകരണം തേടും
X

വിവാദ സിലബസിനെ പിന്തുണച്ച സര്‍വകലാശാല യൂണിയനെ തള്ളിയ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. പ്രസ്താവന നടത്തിയ ആളുകളെ എസ്എഫ്‌ഐ പിന്തുണയ്ക്കുന്നില്ല. അതിനോട് യോജിക്കുന്നില്ല. പ്രതികരണത്തിലൂടെ എന്താണ് ഉദേശിച്ചതെന്ന് യൂണിയന്‍ ചെയര്‍മാനോട് വിശദീകരണം തേടുമെന്നും സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പ്രതികരിച്ചു. എല്ലാത്തരം സംവാദങ്ങളും എന്ന വാദം ശരിയല്ലെന്നും ആര്‍എസ്എസ് പ്രചാരകരെ കുറിച്ചുള്ള ഭാഗം ഒഴിവാക്കണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടു. തെറ്റായ സിലബസ് അനുവദിക്കാനാകില്ല. അതിനെ ശക്തമായി തന്നെ എതിര്‍ക്കും. സിലബസ് പിന്‍വലിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാക്കറിന്റേയും സവര്‍ക്കറിന്റേയും പുസ്തകങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പിജി സിലബസില്‍ ഉള്‍പ്പെടുത്തിയതോടെ വെട്ടിലായത് സിപിഐഎം നേതൃത്വമാണ്. അക്കാദമിക് രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ ദേശീയതലത്തില്‍ പടപൊരുതുമ്പോഴാണ് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി സഹയാത്രികനായ വൈസ് ചാന്‍സിലര്‍ തീരുമാനത്തെ ന്യായീകരിച്ചപ്പോള്‍ കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ ഇതിനെ പിന്തുണച്ചതോടെയാണ് സിപിഐഎം പൂര്‍ണ്ണമായി പ്രതിരോധത്തിലായത്.

സര്‍വ്വകലാശാല തീരുമാനത്തിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം തുടക്കത്തില്‍ തന്നെ രൂക്ഷമായാണ് പ്രതികരിച്ചത്. ജെഎന്‍യു മോഡലില്‍ കാവിവല്‍ക്കരണത്തിനുള്ള നീക്കമാണ് ഇതെന്നും എല്ലാ ജനാധിപത്യവാദികളും ഇതിനെ ചെറുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിഷയം വിവാദമായതോടെ സര്‍വ്വകലാശാല വൈസ് ചാന്‍സലറില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിശദീകരണം തേടി. തുടക്കത്തില്‍ മൗനം പാലിച്ച സര്‍ക്കാര്‍ വിഷയം കൈവിടുമെന്ന് ബോധ്യപ്പെട്ടതോടെയാണ് വൈസ് ചാന്‍സിലര്‍ നിന്നും വിശദീകരണം തേടിയതെന്നും വിമര്‍ശനമുണ്ട്.

Next Story