Top

ബലാത്സംഗകേസിലും മോന്‍സന്റെ ഇടപെടല്‍; പ്രതിയെ രക്ഷിക്കാന്‍ ഭീഷണി; ഗുരുതര ആരോപണങ്ങളുമായി യുവതി

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി.

28 Sep 2021 4:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബലാത്സംഗകേസിലും മോന്‍സന്റെ ഇടപെടല്‍; പ്രതിയെ രക്ഷിക്കാന്‍ ഭീഷണി; ഗുരുതര ആരോപണങ്ങളുമായി യുവതി
X

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി. ബലാത്സംഗ കേസില്‍ നിന്ന് സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഇടപെട്ടുവെന്നാണ് യുവതിയുടെ ആരോപണം. വിവാഹം വാഗ്ദാനം നല്‍കി പറ്റിച്ചയാളെ സംരക്ഷിക്കാന്‍ പരാതിക്കാരിയെ മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു. ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്റെ ഇടപെടല്‍ . മോന്‍സന്റെ ബിസിനസ് പങ്കാളിയാണ് ശരതിന്റെ കുടുംബം. പരാതി പിന്‍വലിക്കാതെ വന്നതോടെ ഗുണ്ടകളെ വീട്ടിലേക്ക് വിട്ടു, പൊലീസില്‍ നല്‍കിയ പരാതികള്‍ അപ്പപ്പോള്‍ മോന്‍സന് ലഭിച്ചിരുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ഉര്‍ത്തിയത്.

യുവതിയുടെ ആരോപണം ഇപ്രകാരമാണ്-

'എന്നെ കല്ല്യാണം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നെ മാത്രമല്ല, എന്റെ കുടുംബത്തേയും നേരിട്ട് വന്ന് കണ്ടു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറി. ഒടുവില്‍ എന്റെ സ്വകാര്യവീഡിയോകള്‍ മോന്‍സന് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. നിരന്തരം ഭീഷണിയായിരുന്നു. മോന്‍സന്‍ എന്റെ ചേട്ടനെ ബന്ധപ്പെട്ടിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ ഗുണ്ടകളെ വിട്ടു. രാഷ്ട്രീയക്കാരും ബിസിനസുകാരും ഒക്കെ വിളിക്കാന്‍ തുടങ്ങി. മോന്‍സണ്‍ വലിയ സ്വാധീനമുള്ളയാളാണ്. കേസ് പിന്‍വലിക്കണം. പെണ്‍കുട്ടിയുടെ ഭാവി നശിക്കും എന്ന് ഭീഷണിപ്പെടുത്തി. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വീഡിയോസ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അത് വാങ്ങാതെ ഞങ്ങള്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പായിട്ട് പോലും അവര്‍ക്ക് ജാമ്യം ലഭിച്ചു.' യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ കേസ് കൈകാര്യം ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉന്നത ഇടപെടലില്‍ ട്രാന്‍സ്ഫന്‍ ചെയ്യിപ്പിച്ചു. മോന്‍സന്റെ ഉന്നതരുമായുള്ള സ്വാധീനം ഉപയോഗിച്ചാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും യുവതി പറയുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് കത്ത് നല്‍കിയത്.

2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ പുറത്ത് വന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ ആയിരുന്നു മോന്‍സന്റെ

വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്നു. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ ബോക്സിലെ ഷീറ്റില്‍ ഒപ്പിടണം. ഇതു സിഐയോ അല്ലെങ്കില്‍ സ്റ്റേഷന്‍ ഓഫിസറോ പരിശോധിക്കുന്ന തരത്തില്‍ സുപ്രധാന പോയിവന്റായാണ് മോന്‍സന്റെ വീട് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്സുകള്‍ വെക്കാറുള്ളത്. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതോടെഈ ബീറ്റ് ബോക്സുകള്‍ കഴിഞ്ഞ ദിവസം പൊലീസ് എടുത്തുമാറ്റി.

ഡിജിപി ആയിരിക്കെ ലോക്നാഥ് ബെഹ്റ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കൊച്ചിയിലെ വീട്ടില്‍ ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാര്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

Next Story