Top

'ബിന്ദു ചേച്ചിക്ക് അഭിമാനത്തോടെ പ്രസിഡന്റ് പദവി ഒഴിയാം...'; ആശംസകളുമായി രമ്യ ഹരിദാസ്

'എന്നും എന്നെ പിന്തുണച്ച പ്രിയപ്പെട്ട ചേച്ചി'

31 Aug 2021 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിന്ദു ചേച്ചിക്ക് അഭിമാനത്തോടെ പ്രസിഡന്റ് പദവി ഒഴിയാം...; ആശംസകളുമായി രമ്യ ഹരിദാസ്
X

കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന ബിന്ദു കൃഷ്ണയ്ക്ക് ആശംസകളുമായി രമ്യ ഹരിദാസ്. ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന ഡിസിസി അധ്യക്ഷന്‍മാരിലൊരാള്‍ ബിന്ദു കൃഷ്ണയായിരിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ദേശീയസംസ്ഥാന തലങ്ങളില്‍ ഇനിയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബിന്ദുവിന് സാധിക്കട്ടെയെന്നും രമ്യ പറഞ്ഞു.

രമ്യ ഹരിദാസ് പറഞ്ഞത്: ''പ്രവര്‍ത്തകര്‍ക്ക് കരുത്തും കരുതലുമാണെന്നും ബിന്ദുചേച്ചി..പുതിയ ജില്ലാ അധ്യക്ഷന്‍ മാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ പടിയിറങ്ങുന്നവരെല്ലാം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്..പാര്‍ട്ടിയെ നയിച്ചവരാണ്..ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന അവരിലൊരാള്‍ ബിന്ദുചേച്ചി ആയിരിക്കും.. അഞ്ചുവര്‍ഷക്കാലം കൊല്ലം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ. ദീര്‍ഘകാല സ്വപ്നമായിരുന്ന കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിര പൂര്‍ത്തീകരണം..ജനകീയ വിഷയങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് മാത്രം സംസാരിച്ച നേതാവ് ...കരുത്തുറ്റ നേതൃത്വത്തിലൂടെ ഉറച്ച തീരുമാനത്തിലൂടെ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച ബിന്ദു ചേച്ചിക്ക് ഏറെ അഭിമാനത്തോടെ തന്നെ പ്രസിഡണ്ട് പദവി ഒഴിയാം..കാലം കാത്ത് വെക്കുന്ന ഉയര്‍ന്ന പദവികള്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റാം.. എന്നും എന്നെ ഒരു അനുജത്തിയായി ചേര്‍ത്തു നിര്‍ത്തിയ, എന്നും എന്നെ പിന്തുണച്ച പ്രിയപ്പെട്ട ചേച്ചി..പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കരുത്തുറ്റ വാക്കായി, പ്രതിസന്ധികളില്‍ താങ്ങാകുന്ന കരുതലായി, കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ദേശീയസംസ്ഥാന തലങ്ങളില്‍ ഇനിയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കട്ടെ..എല്ലാവിധ ഭാവുകങ്ങളും..''

അതേസമയം, ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് കൂടി പരിഗണന നല്‍കേണ്ടിയിരുന്നെന്ന് ബിന്ദു കൃഷ്ണ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ലോകമെങ്ങും വളര്‍ന്നുവരുന്ന സ്ത്രീപക്ഷ രാഷ്ട്രീയം കാണാതെ പോകരുതെന്നും ബിന്ദു കൃഷ്ണ പരോക്ഷമായി വിമര്‍ശിച്ചു.

ബിന്ദു കൃഷ്ണ പറഞ്ഞത്: ''ഡിസിസി പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കേണ്ടിയിരുന്നു. ലോകമെങ്ങും വളര്‍ന്നുവരുന്ന സ്ത്രീപക്ഷ രാഷ്ട്രീയം കാണാതെ പോകരുത്. നിയമപരമല്ലാതെ തന്നെ സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്‍കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണം.''

ഇനി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ണമനസോടെ സ്വീകരിക്കുമെന്നും കൊല്ലം മുന്‍ ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. താന്‍ ഡിസിസി അധ്യക്ഷയായ ശേഷമാണ് കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെട്ടതെന്നും ബിന്ദു പറഞ്ഞു. കൊല്ലത്ത് പാര്‍ട്ടി അടിത്തറ ദുര്‍ബലമായിരുന്നു. പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിച്ചതെന്നും ബിന്ദു കൃഷ്ണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Next Story