Top

രമേശ് ചെന്നിത്തല എഐസിസി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക്?; കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയുണ്ടായേക്കും

സൂചന സ്ഥിരീകരിക്കപ്പെടുന്ന പക്ഷം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക എഐസിസി ഉപാധ്യക്ഷനായി ആയിരിക്കും രമേശ് ചെന്നിത്തല

6 Aug 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമേശ് ചെന്നിത്തല എഐസിസി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക്?; കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയുണ്ടായേക്കും
X

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കമെന്ന് സൂചന. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് രമേശ ചെന്നിത്തല എത്തുന്നതായിട്ടാണ് റിപ്പോർട്ട്. കോണ്‍ഗ്രസിലെ സമ്പൂര്‍ണ്ണ അഴിച്ചു പണിയുടെ ഭാഗമായി ആയിരിക്കും മാറ്റം.

സൂചന സ്ഥിരീകരിക്കപ്പെടുന്ന പക്ഷം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക എഐസിസി ഉപാധ്യക്ഷനായി ആയിരിക്കും രമേശ് ചെന്നിത്തല. ദേശീയ ഉപാദ്ധ്യക്ഷൻ ആകുന്ന ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല നൽകാനും സാധ്യതയുണ്ട്.

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും പുനസംഘടന നടപടികള്‍ ആരംഭിക്കുക. ചെന്നിത്തലയ്ക്ക് പുറമെ മുതിർന്ന നേതാക്കളായ കമല്‍നാഥ്, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ ഉൾപ്പടെ നാല് മുതിർന്ന നേതാക്കൾക്ക് എഐസിസി ഉപാധ്യക്ഷ പദവി നൽകാനാണ് തീരുമാനം.

രാജസ്ഥാനിൽ അശോക് ഗഹ് ലോട്ടുമായി അകന്ന് നിൽക്കുന്ന സച്ചിൻ പൈലറ്റ്, പ്രശാന്ത് കിഷോർ അടക്കം യുവ നിരയും എഐസിസി നേതൃ പദവിയിൽ എത്തും. സച്ചിന്‍ പൈലറ്റ്, പ്രശാന്ത് കിഷോര്‍ എന്നിവർ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്.

സോണിയ ഗാന്ധി എഐസിസി ഇടക്കാല അധ്യക്ഷ പദവി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും ഈ സൂചനയിലേക്ക് ൃവിരല്‍ ചൂണ്ടുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ചെന്നിത്തല തന്നെ തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതേസമയം ദേശീയ നേതൃപദവി ഏറ്റെടുക്കുന്ന ഘട്ടത്തിലും ചെന്നിത്തല സംസ്ഥാന രാഷ്ട്രീയം വിടാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.













Next Story