Top

താരീഖ് അന്‍വര്‍ വിളിച്ചു; പ്രതിഷേധം പ്രകടിപ്പിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും, 'അവഗണന അംഗീകരിക്കാന്‍ കഴിയില്ല'

19 Aug 2021 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താരീഖ് അന്‍വര്‍ വിളിച്ചു; പ്രതിഷേധം പ്രകടിപ്പിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും, അവഗണന അംഗീകരിക്കാന്‍ കഴിയില്ല
X

ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ അനുനയ നീക്കവുമായി താരീഖ് അന്‍വര്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി താരീഖ് ടെലിഫോണില്‍ ആശയവിനിമയം നടത്തി.

പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് ഹൈക്കമാഡിന്റെ ഇടപെടല്‍. അനുനയ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ചു. കൂടിയാലോചനകള്‍ ഇല്ലാതെ പട്ടിക സമര്‍പ്പിച്ചതിലെ പ്രതിഷേധം ഇരു നേതാക്കളും താരീഖിന് അറിയിച്ചു. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ രാഷ്ട്രീയ സാഹചര്യം പോലും പരിശോധിക്കാതെയാണ് പട്ടിക സമര്‍പ്പിച്ചതെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്.

പല ജില്ലകളിലും അയോഗ്യരായവര്‍ പട്ടികയില്‍ ഇടം നേടിയത് പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുകയാണ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശാനുസരണമാണ് താരിഖ് അന്‍വ്വര്‍ ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വിളിച്ചത്.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പുകളും നേതൃത്വവുമായി ഇടഞ്ഞത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ താരീഖ് അന്‍വ്വറിനേയും എ കെ ആന്റണിയേയും വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. ഏകപക്ഷീയമായി പട്ടിക നല്‍കിയ കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ട എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പുകളും സ്വീകരിച്ചിരിക്കുന്നത്. ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കിയ സോണിയഗാന്ധി എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്ന നിര്‍ദ്ദേശമാണ് താരീഖ് അന്‍വറിന് നല്‍കിയത്.

സുധാകരന്‍ സമര്‍പ്പിച്ച പട്ടിക പൂര്‍ണമായി തള്ളാതെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ച് മുന്നോട്ടുപോകാനാണ് സോണിയയുടെ നിര്‍ദേശം. നിലവിലെ പട്ടികയില്‍ ചില തിരുത്തലുകള്‍ വരുത്തി എത്രയും പെട്ടെന്ന് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഹൈക്കമാന്‍ഡ് പങ്കുവയ്ക്കുന്നത്.

Next Story