Top

'ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയുണ്ടെന്ന് പറഞ്ഞു'; മോൻസന്റെ വീട്ടിൽ രാഹുൽ ഈശ്വറുമെത്തി

'ഇതൊന്നും യഥാർത്ഥമല്ലെന്ന് പറയാൻ സാധാരണക്കാരന് എന്താണ് വഴി '

30 Sep 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയുണ്ടെന്ന് പറഞ്ഞു; മോൻസന്റെ വീട്ടിൽ  രാഹുൽ ഈശ്വറുമെത്തി
X

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ കബളിപ്പിക്കാൻ ശ്രമിച്ചത് രാഹുൽ ഈശ്വറിനെയും.ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകൾ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ് മോൻസൺ രാഹുലിനെ ചില പ്രമുഖർ വഴി ക്ഷണിച്ചത്. എന്നാൽ തന്നെ കാണിച്ച തകിടുകളിൽ സംശയം തോന്നിയിരുന്നെന്നും അപ്പോൾ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വർഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവർ വഴി എന്നെ ബന്ധപ്പെട്ടത്. തീർച്ചയായും ചരിത്രത്തിൽ താൽപര്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പോയി. 2017 ലോ 18 ലോ ആണ് പോയത്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങൾ മോൻസന്റെ വീട്ടിലെ മ്യൂസിയം സംബന്ധിച്ച് വാർത്തയും ചെയ്തിരുന്നു. ക്രെഡിബിലിറ്റി ഉണ്ടെന്ന് കരുതി ഏതൊരു സാധാരണക്കാരനെ പോലെ ഞാനും അത് വിശ്വസിക്കുകയുണ്ടായി. അവിടെ ചെന്ന് കണ്ടപ്പോൾ തകിടിലൊക്കെ ചില സംശയം തോന്നി. ലോക്നാഥ് ബെഹ്റയടക്കമുളള പ്രമുഖരെല്ലാം ഇന്റർനെറ്റിൽ നോക്കുമ്പോൾ പ്രമുഖ ചാനലുകളിലെല്ലാം മോൻസന്റെ പുരാവസ്തുക്കളെക്കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്. ഇത് കണ്ട് വിശ്വാസ യോ​ഗ്യമാണെന്ന് കരുതിയാണ് ഇവരെല്ലാം പോവുന്നത്. പ്രമുഖരെയെല്ലാം കുറ്റം പറയുന്നത് പോലെ മാധ്യമങ്ങൾ ഒരു സ്വയം വിമർശനവും നടത്തണമെന്നും രാഹുൽ പറഞ്ഞു..

അന്ന് സുപ്രീം കോടതിയുടെ കേസും കൂടി നടക്കുന്ന സമയമാണ്. കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകൾ കിട്ടുമോ എന്ന് കരുതിയാണ് പോയത്. പക്ഷെ കാണിച്ച കാര്യങ്ങളിൽ സംശയം തോന്നി. യൂദാസിന് ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളൊക്കെ എന്നെയും കാണിച്ചിരുന്നു. ഇതൊന്നും യഥാർത്ഥമല്ലെന്ന് പറയാൻ സാധാരണക്കാരന് എന്താ വഴി. മാത്രമല്ല ഒരു കാര്യം കൂടി ശ്രദ്ധിക്കണം അവിടെയുള്ള പല സാധനങ്ങളും വിലപിടിപ്പുള്ളതാണ്. ഇവയുടെ പണ ശ്രോതസ്സും കൂടി അന്വേഷിക്കണം.

ഞാൻ അവിടെ ആദ്യം ചെല്ലുമ്പോൾ കാണുന്നത് പതിനഞ്ചോളം ആഡംബര കാറുകളാണ്. മോൻസന്റെ കൈയ്യിലുളള പുരാവസ്തു ശേഖരം സംബന്ധിച്ച് അന്ന് വാർത്ത വന്നപ്പോൾ തന്നെ വാർത്ത വന്ന മാധ്യമ സ്ഥാപന്തിൽ വിളിച്ച് ഇത് ശരിയല്ലെന്നും മറുവാദം പറയാൻ അവസരം വേണമെന്നും പറഞ്ഞിരുന്നെന്നും രാഹുൽ ഈ ഈശ്വർ പറഞ്ഞു.

Next Story