Top

റാഫി ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതി; ആക്രമണം നടന്നത് ഐസ്‌ക്രീം പാര്‍ലര്‍ വെളിപ്പെടുത്തലിന് പിന്നാലെ

2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്

5 Aug 2021 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാഫി ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതി; ആക്രമണം നടന്നത് ഐസ്‌ക്രീം പാര്‍ലര്‍ വെളിപ്പെടുത്തലിന് പിന്നാലെ
X

ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെതിരെ ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ ഭീഷണി മുഴക്കിയ റാഫി പുതിയകടവ് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതി. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇന്ത്യാവിഷന് നേരെ ആക്രമണമുണ്ടായത്. മുസ്ലീം ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കല്ലേറുണ്ടായിരുന്നു.

അതേസമയം, മൊയിന്‍ അലി ശിഹാബിനെതിരെ ഗുരുതര ആരോപണങ്ങളാണ് റാഫി പുതിയകടവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലീംലീഗിനെയും മോശമാക്കാനാണ് മൊയിന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തിയതെന്നും പാര്‍ട്ടിയെ മൊത്തത്തില്‍ എതിര്‍ക്കുന്ന പരിപാടിയാണ് മൊയിന്‍ അലി കാണിച്ചതെന്നും റാഫി പുതിയകടവ് പറഞ്ഞു. മൊയിന്‍ അലിയുടെ പേരില്‍ നിരവധി പെണ്ണ് കേസുകളുണ്ടെന്നും സാമ്പത്തികഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്നും റാഫി ആവശ്യപ്പെട്ടു.

റാഫി പുതിയകടവ് പറഞ്ഞത്: ''പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലീംലീഗിനെയും മോശമാക്കാനാണ് മൊയിന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. ഇവന്‍ ഈ പരിപാടി തുടങ്ങിയിട്ട് നാലഞ്ച് മാസങ്ങളായി. അവനെ തങ്ങള്‍ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവന്‍ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാര്‍ട്ടിയെയും തങ്ങളെയും മോശമാക്കാന്‍ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്. അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്. ഹൈദരലി തങ്ങളെ മോശമാക്കാന്‍ വേണ്ടി കയറി വന്നതാണ് അവന്‍. അയാളെ ഈ യോഗത്തിലേക്ക് ആരും വിളിച്ചിട്ടില്ല. ചന്ദ്രികയുടെ മീറ്റിംഗ് വിളിച്ചാല്‍ ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി അങ്ങനെ മുനീര്‍ അങ്ങനെ ഹൈദരലി തങ്ങള്‍ ഇങ്ങനെയെന്ന് പറയാനല്ല. ഇവന്റെ പേരില്‍ ഒരുപാട് കേസുണ്ട്. അവന്റെ സാമ്പത്തികഇടപാടുകള്‍ ഇഡി അന്വേഷിക്കണം. മുസ്ലീംലീഗിനെ മൊത്തത്തില്‍ എതിര്‍ക്കുന്ന പരിപാടിയാണ് അവന്‍ കാണിച്ചത്. ഇതിന്റെ മോശം ഹൈദരലി തങ്ങള്‍ക്കാണ്. അത് മനസിലാക്കണം.''

ഇന്ന് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ റാഫി പറഞ്ഞത്: ''കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്‌ലെസ്.''

വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.

മൊയിന്‍ അലി പറഞ്ഞത്: ''40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ബാപ്പ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്.'' പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി വിമര്‍ശിച്ചു.

Next Story