Top

'മുഈന്‍ അലിക്ക് ജലീലുമായുള്ള ബന്ധം ഫോണ്‍ പരിശോധിച്ചാല്‍ മനസിലാവും'; അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് റാഫി

'പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്ലെസ്'' എന്നും റാഫി

6 Aug 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഈന്‍ അലിക്ക് ജലീലുമായുള്ള ബന്ധം ഫോണ്‍ പരിശോധിച്ചാല്‍ മനസിലാവും; അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് റാഫി
X

വാര്‍ത്താ സമ്മേളനത്തിനിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് റാഫി പുതിയ കടവ്. അസഭ്യം പറഞ്ഞതില്‍ വിഷമമുണ്ടെന്നും തങ്ങള്‍ ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഈനലി തങ്ങള്‍ക്ക് ജലീലുമായി ഇപ്പോഴും ബന്ധമുണ്ടെന്നും റാഫി ആരോപിച്ചു.

'മുഈനലി തങ്ങള്‍ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് വാര്‍ത്ത സമ്മേളനത്തില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞത്. കെ ടി ജലീലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് ഇപ്പോഴും മുഈനലി തങ്ങള്‍. ജലീലുമായുള്ള ബന്ധം ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കുറച്ചു നാളുകളായി മുഈനലി തങ്ങള്‍ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങളിലായിരുന്നു.'

കെടി ജലീലിന്റെ ആരോപണത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി രംഗത്തെത്തിയതോടെയാണ് റാഫിയുടെ ഭീഷണി. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നായിരുന്നു റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചത്.

''പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലീംലീഗിനെയും മോശമാക്കാനാണ് മൊയിന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. ഇവന്‍ ഈ പരിപാടി തുടങ്ങിയിട്ട് നാലഞ്ച് മാസങ്ങളായി. അവനെ തങ്ങള്‍ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവന്‍ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാര്‍ട്ടിയെയും തങ്ങളെയും മോശമാക്കാന്‍ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്. അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്. ഹൈദരലി തങ്ങളെ മോശമാക്കാന്‍ വേണ്ടി കയറി വന്നതാണ് അവന്‍. അയാളെ ഈ യോഗത്തിലേക്ക് ആരും വിളിച്ചിട്ടില്ല. ചന്ദ്രികയുടെ മീറ്റിംഗ് വിളിച്ചാല്‍ ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി അങ്ങനെ മുനീര്‍ അങ്ങനെ ഹൈദരലി തങ്ങള്‍ ഇങ്ങനെയെന്ന് പറയാനല്ല. ഇവന്റെ പേരില്‍ ഒരുപാട് കേസുണ്ട്. അവന്റെ സാമ്പത്തികഇടപാടുകള്‍ ഇഡി അന്വേഷിക്കണം. മുസ്ലീംലീഗിനെ മൊത്തത്തില്‍ എതിര്‍ക്കുന്ന പരിപാടിയാണ് അവന്‍ കാണിച്ചത്. ഇതിന്റെ മോശം ഹൈദരലി തങ്ങള്‍ക്കാണ്. അത് മനസിലാക്കണം.

ഇന്നലെ ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു. വാര്‍ത്താസമ്മേളനത്തിനിടെ റാഫി പറഞ്ഞത്: ''കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ.പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്ലെസ്.'' എന്നും റാഫി പറഞ്ഞിരുന്നു.

Next Story