Top

''കലാപക്കൊടി ഉയര്‍ത്തി ഗ്രൂപ്പുകള്‍, സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; ഇനിയൊരു കലാപം താങ്ങാനുള്ള ബാല്ല്യം കോണ്‍ഗ്രസ്സിനില്ല''

പരസ്പരം ചെളി വാരി എറിയാനുള്ള തയ്യാറെടുപ്പിലാണ് നേതാക്കള്‍

23 Aug 2021 9:55 AM GMT
ആർ രോഷിപാൽ

കലാപക്കൊടി ഉയര്‍ത്തി ഗ്രൂപ്പുകള്‍, സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; ഇനിയൊരു കലാപം താങ്ങാനുള്ള ബാല്ല്യം കോണ്‍ഗ്രസ്സിനില്ല
X

ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്റിന് കൈമാറിയ പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോരാട്ടത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍.

പരസ്പരം ചെളി വാരി എറിയാനുള്ള തയ്യാറെടുപ്പിലാണ് നേതാക്കള്‍. പട്ടിക പ്രഖ്യാപിക്കുന്നതിന് പിന്നാലെ തര്‍ക്കങ്ങള്‍ തെരുവിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ്സില്‍ വിഭാഗീയതയുടെ പേരില്‍ മുണ്ട് ഉരിയലും തെരുവില്‍ തല്ലും നടക്കുന്നതില്‍ പുതുമയില്ല. പക്ഷെ ഇനി ഒരു പൊട്ടിത്തെറി താങ്ങാനുള്ള ബാല്ല്യം ഈ പാര്‍ട്ടിക്ക് ഉണ്ടോ എന്ന് നേതാക്കള്‍ പരിശോധിക്കണം. നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ വിറങ്ങലിപ്പിലാണ് ഭൂരിഭാഗം പ്രവര്‍ത്തകരും. ഇനി ഒരു തിരിച്ചു വരവിന് പാര്‍ട്ടിയെ സജ്ജമാക്കുക എളുപ്പമല്ലെന്ന് ഹൈക്കമാന്റിന് ബോധ്യമുണ്ടെന്നാണ് വിശ്വാസം.

കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പാര്‍ട്ടിയെ നയിച്ച രമേശ് ചെന്നിത്തലയെ വെട്ടി നിരത്തിയതോടെയാണ് ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ സജീവമായത്. കൂടിയാലോചനകള്‍ ഇല്ലാതെ പ്രതിപക്ഷ നേതാവിനേയും പിന്നാലെ കെപിസിസി അദ്ധ്യക്ഷനേയും പ്രഖ്യാപിച്ചു എന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന പരാതി. അതിനിടയിലാണ് ഡിസിസി അദ്ധ്യക്ഷ നിയമനത്തിനെതിരെയും പ്രതിഷേധം ഉയരുന്നത്. പതിവ് കൂടിയാലോചനകള്‍ ഇല്ലാതെയാണ് സാധ്യത പട്ടിക തയ്യാറാക്കിയതെന്ന പരാതിയാണ് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചില്ലെന്നും രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയില്ലെന്നുമാണ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രധാന പരാതി.

മുതിര്‍ന്ന നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തി ഭാരവാഹികളെ തീരുമാനിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ രീതി. ഈ തവണ പതിവ് തെറ്റിയതാണ് മുതിര്‍ന്ന നേതാക്കള്‍ പിണങ്ങാന്‍ കാരണം. എന്നാല്‍ പരാതി ഉയര്‍ത്തി നേതാക്കള്‍ അടക്കം എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു എന്ന വിശദീകരണമാണ് കെപിസിസി നേതൃത്വം നല്‍കുന്നത്. ഗ്രൂപ്പ് പരിഗണിക്കാതെ പ്രവര്‍ത്തന മികവ് പരിഗണിച്ച് പുനസംഘടന പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. അതേസമയം തങ്ങളെ അവഗണിച്ചവരെ തിരിച്ചും അവഗണിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി മാറി നില്‍ക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഇത് അപകടമാണെന്ന് കെ സുധാകരനും വിഡി സതീശനും ബോധ്യമായിട്ടില്ലെങ്കിലും ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ബോധ്യമായിട്ടുണ്ട്.

ജി 23 ഉന്നയിച്ച പരാതിയ്ക്ക് പരിഹാരം കാണാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഹൈക്കമാന്റിന് കേരളത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വ്വര്‍ സോണിയയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ആശയം വിനിമയം നടത്തിയിരുന്നു. പക്ഷെ ഇരുനേതാക്കളും നിലപാട് കടുപ്പിച്ചതോടെ അനുനയനീക്കം പാളി. പാര്‍ട്ടിയ്ക്ക് അല്‍പ്പമെങ്കിലും വേരോട്ടമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും വിഭാഗീയത രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതില്‍ നേതൃത്വം പലപ്പോഴും പരാജയപ്പെടുന്നതാണ് കണ്ടത്. മധ്യപ്രദേശ്, ആസം ഒടുവില്‍ ത്രിപുരയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

മഹിള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറിയത് കഴിഞ്ഞ ദിവസമാണ്. ഖുശ്ബു, ദിവ്യ സ്പന്ദന, പ്രിയങ്ക ചതുര്‍വേദി അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ താരപ്രചാരകരെ കൂടെ നിര്‍ത്തുന്നതിലും നേതൃത്വം പരാജയം സമ്മതിച്ചു. ഇതിനിടയില്‍ ദക്ഷിണേന്ത്യയില്‍ വേരോട്ടമുള്ള കേരളത്തിലെ തര്‍ക്കങ്ങള്‍ അതിരുവിടുന്നത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലീഡര്‍ കെ കരുണാകരന്‍ കലാപകൊടി ഉയര്‍ത്തി പിന്നാലെ പാര്‍ട്ടി പിളര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ ജനപിന്തുണയുള്ള രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉണ്ടായിരുന്നു. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഇരുവരും ഓടി നടന്നാണ് ഈ പാര്‍ട്ടിയെ നിലനിര്‍ത്തിയത്. ലീഡറുടെ ഡിഐസിയിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയപ്പോള്‍ കോണ്‍ഗ്രസ് ആടി ഉലഞ്ഞതിന് രാഷ്ട്രീയ കേരളം സാക്ഷിയാണ്. അവസാനത്തെ പിളര്‍പ്പ് ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസ് മോചിതമായിട്ടില്ലെന്നതാണ് സത്യം. ലീഡറും കെ മുരളീധരനും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയെങ്കിലും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ തിരികെ എത്തിയിരുന്നില്ല. ആഘട്ടത്തില്‍ താറുമാറായ സംഘടന സംവിധാനം പിന്നീട് പഴയ നിലയിലേക്ക് എത്തിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ല. അതു കൊണ്ട് തന്നെ കോണ്‍ഗ്രസ്സില്‍ ഇനിയൊരു പൊട്ടിത്തെറിയും കലാപവും ഉണ്ടായാല്‍ അതിന്റെ അനന്തര ഫലം എന്താകുമെന്ന പ്രവചനം അസാധ്യമാണ്.

Next Story

Popular Stories