Top

'പാഠപുസ്തകങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അപകടകരം'; വിശദീകരണം തേടി മന്ത്രി

ഒരു മതേതരരാജ്യത്ത് പാഠപുസ്തകങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ സിലബസില്‍ ഉണ്ടാവുന്നത് അപകടകരമാണെന്നും മന്ത്രി

10 Sep 2021 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാഠപുസ്തകങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അപകടകരം; വിശദീകരണം തേടി മന്ത്രി
X

കണ്ണൂര്‍ സര്‍വ്വകാശാല പിജി സിലബസ് വിവാദത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വളരെ സൂഷ്മതയോടെ കൃത്യമായി പഠിച്ച്, യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം കേട്ടശേഷം അഭിപ്രായം പറയാമെന്നും ആര്‍ ബിന്ദു പറഞ്ഞു. ഒരു മതേതരരാജ്യത്ത് പാഠപുസ്തകങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ സിലബസില്‍ ഉണ്ടാവുന്നത് അപകടകരമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണക്കുന്നതാണ് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍. വിമര്‍ശനാത്മകമായി സവര്‍ക്കറേയും പഠിക്കണം, ജെഎന്‍യും സര്‍വ്വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ നിലപാട് അറിയിച്ചു.

പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.

അതേസമയം വിവാദത്തില്‍ കഴമ്പില്ലെന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. പ്രതിഷേധം ഭയന്ന് പിന്നോട്ടില്ല, സിലബസ് പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. സവര്‍ക്കറും, എംഎസ് ഗോള്‍വാര്‍ക്കറും അടിത്തറയിട്ട ആശയത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം എന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് വി സി പ്രതികരിച്ചു. എക്പര്‍ട്ട് കമ്മിറ്റി തന്ന സിലബസ് താന്‍ അംഗീകരിക്കുകയായിരുന്നു. പുസ്തകത്തെ കുറിച്ച് സിലബസില്‍ വിശദീകരണം നല്‍കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

Next Story