Top

'ഒരു മന്ത്രിക്ക് ചെയ്യാനാവുന്നതെല്ലാം സുധാകരന്‍ ചെയ്തിട്ടുണ്ട്'; പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസും

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും, കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

15 Aug 2021 9:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മന്ത്രിക്ക് ചെയ്യാനാവുന്നതെല്ലാം സുധാകരന്‍ ചെയ്തിട്ടുണ്ട്; പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസും
X

അരൂര്‍-ചേര്‍ത്തല ദേശീയ പാത ടാറിങ് വിവാദത്തില്‍ ജി സുധാകരന് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ അന്വേഷണം നടത്തിരുന്നു. ഒരു മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ചെയ്യാനാവുന്നതെല്ലാം ജി സുധാകരന്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അത് പരിശോധിച്ച് പ്രവർത്തനത്തില്‍ കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടാറിങ് വിവാദത്തില്‍ എഎം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. റോഡ് നിര്‍മ്മാണത്തിലെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ദേശീയപാതയില്‍ അരൂര്‍-ചേര്‍ത്തല റീച്ചില്‍ ക്രമക്കേട് ഉണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നുമായിരുന്നു എ എം ആരിഫ് എംപിയുടെ ആവശ്യം. കഴിഞ്ഞ മാസവും ഇതേ പരാതി ഉന്നയിച്ച് എംപി കത്ത് നല്‍കിയിരുന്നു. ഇത്തവണ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരിട്ടായിരുന്നു എംപി പരാതി കത്ത് കൈമാറിയത്. മൂന്ന് വര്‍ഷം ഗ്യാരന്റിയോട് കൂടി നവീകരിച്ച ദേശീയ പാത ഒന്നര വര്‍ഷം ആകുന്നതിന് മുന്‍പ് യാത്ര ദുഷ്‌കരമാക്കുന്ന വിധത്തില്‍ കുണ്ടും കുഴിയും രൂപപ്പെട്ടെന്നും, 36 കോടി രൂപ ചിലവിട്ട് നടത്തിയ റോഡ് നിര്‍മാണത്തില്‍ സാരമായ ക്രമക്കേട് നടന്നിട്ടുള്ളതായി സംശയമുണ്ടെന്നുമായിരുന്നു എംപിയുടെ പരാതി.
2019 ല്‍ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് റോഡ് നവീകരണം നടത്തിയത്. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ 23.6 കിലോമീറ്ററായിരുന്നു നവീകരണം. ദേശീയ പാത 66 ന്റെ ഭാഗമായ ഈ റോഡ് ആധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.
Next Story