Top

പിവി അന്‍വറിന്റെ തടയണകള്‍ പൊളിക്കും; അധികൃതര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും

കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും സംഘവും ഇന്ന് പാര്‍ക്ക് സന്ദര്‍ശിക്കും.

1 Oct 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിവി അന്‍വറിന്റെ തടയണകള്‍ പൊളിക്കും; അധികൃതര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും
X

കക്കാടംപൊയിലിലുളള പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി അധികൃതര്‍. സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയാണ് പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നത്. കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും സംഘവും ഇന്ന് പാര്‍ക്ക് സന്ദര്‍ശിക്കും.നടപടികള്‍ പൂര്‍ത്തിയാക്കി തടയണ പൊളിച്ചുനീക്കാനാണ് തീരുമാനം.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തടയണ പൊളിക്കുന്നതിന് ഉടമകള്‍ക്ക് ഒരു മാസം ജില്ലാ കളക്ടര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഉടമകള്‍ പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാതായതോടെയാണ് തുടര്‍നടപടികളിലേക്ക് അധികൃതര്‍ നീങ്ങുന്നത്.

ഉടമകള്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ഏറ്റെടുക്കണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും സംഘവും ഇന്ന് പാര്‍ക്ക് സന്ദര്‍ശിക്കുക. തടയണ പൊളിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും, ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കണമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി പഞ്ചായത്ത് മറ്റു നടപടികളിലേക്ക് കടക്കും.

Next Story