Top

'ലീഡറോട് ബഹുമാനം, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടില്ല'; മുരളീധരനും അന്‍വറിന്റെ മറുപടി

പറയാനുള്ളത് നേരിട്ട് തന്നെ പറയും

22 Aug 2021 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഡറോട് ബഹുമാനം, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടില്ല; മുരളീധരനും അന്‍വറിന്റെ മറുപടി
X

തന്നെ രൂക്ഷമായി വിമര്‍ശിച്ച കെ. മുരളീധരന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ലീഡറോട് തനിക്ക് ബഹുമാനമുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ലെന്നും മുരളീധരന് മറുപടിയായി അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ പറഞ്ഞത്: ''ഇവിടെ കിങ്ങിണികുട്ടന്മാരില്ല..ജീവിക്കാനായി മണ്ണില്‍ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്..ഇനി അവിടുത്തെ കാര്യം..ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഉണ്ണിത്താനല്ല. പി.വി.അന്‍വറാണ്..പറയാനുള്ളത് നേരിട്ട് തന്നെ പറയും..''

നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത അത്രയും തിരക്കുള്ളവര്‍ ആ പണിക്ക് വരരുതെന്നായിരുന്നു മുരളീധരന്‍ അന്‍വറിനെ വിമര്‍ശിച്ച് പറഞ്ഞത്. ''സ്വന്തം ബിസിനസും വേണം, എം.എല്‍.എയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്‍വര്‍ ഏറ്റെടുക്കണം. സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അന്‍വര്‍ വ്യക്തമാക്കണം. അന്‍വറിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം.'' നിലമ്പൂരില്‍ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

തന്നെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും പിവി അന്‍വര്‍ രാവിലെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസുണ്ടെന്നും ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ സംവിധാനം ഒരുക്കിയിട്ടാണ് താന്‍ ആഫ്രിക്കയില്‍ വന്നതെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്. ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

പിവി അന്‍വര്‍ രാവിലെ പറഞ്ഞത്: ''ഞായറാഴ്ചകളില്‍ വരെ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തത്. ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്. മൂന്ന് മാസത്തേക്ക് പാര്‍ട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് എന്നെ നാടുകടത്തിയത്. ആഫ്രിക്കയിലെ സിയറ ലിയോണ്‍ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോള്‍. ഇവിടെ സ്വര്‍ണ ഖനനത്തിലാണ്. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വന്നത്. യുഡിഎഫ് എന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങള്‍ക്ക് പോകലും വയറ് കാണലുമല്ല എന്റെ പണിയെന്നേ അവരോട് പറയാനുള്ളൂ.''

Next Story