Top

പിവി അൻവർ സഭയിലെ വിവിധ സമിതികളിലെ അം​ഗം; സമിതി യോ​ഗം പല തവണ നടന്നു; എംഎൽഎയില്ല

അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്

6 Oct 2021 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിവി അൻവർ സഭയിലെ വിവിധ സമിതികളിലെ അം​ഗം; സമിതി യോ​ഗം പല തവണ നടന്നു; എംഎൽഎയില്ല
X

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നിൽ നിന്നും നിലമ്പൂർ എംഎൽഎ പിവി അൻവർ തുടർച്ചയായി വിട്ടു നിൽക്കുന്നത് ചർച്ചയാവുന്നു. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്.

17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും എംഎൽഎ വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ഇന്നേക്ക് ആറ് ദിവസമായിട്ടും എംഎൽഎ എത്തിയിട്ടില്ല. ആകെ ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്.

സഭയിലെ വിവിധ സമിതികളിലെ അം​ഗവും കൂടിയാണ് പിവി അൻവർ. ഔദ്യോ​ഗിക ഭാഷ സംബന്ധിച്ച സമിതി, സർ‌‍ക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഭക്ഷ്യ, സിവിൽ സപ്ലൈസ് സംബന്ധിച്ച സമിതി എന്നിവയിൽ പിവി അൻവർ അം​ഗമാണ്. ഈ സമിതികൾ മൂന്നോളം യോ​ഗങ്ങൾ ഇതുവെര ചേർന്നു. എന്നാൽ ഈ യോ​ഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തിട്ടില്ല.

അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരുമ്പോഴും എംഎല്‍എ സഭയിലില്ല.

കെപിസിസി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാര്‍ നല്‍കിയ വിവരവകാശത്തിലാണ് പി വി അന്‍വര്‍ എംഎല്‍എ അവധി അപേക്ഷപോലും നല്‍കാതെയാണ് സഭയില്‍ നിന്നും വിട്ടുനിന്നതെന്ന് വ്യക്തമായത്.

Next Story