Top

'അത് ആദ്യം അവിടെ അംഗീകരിപ്പിക്ക് കരിക്കേട്ടാ'; വിവാഹ പരാമര്‍ശത്തില്‍ കൊടിക്കുന്നിലിനെതിരെ പി.വി അന്‍വര്‍

28 Aug 2021 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് ആദ്യം അവിടെ അംഗീകരിപ്പിക്ക് കരിക്കേട്ടാ; വിവാഹ പരാമര്‍ശത്തില്‍ കൊടിക്കുന്നിലിനെതിരെ പി.വി അന്‍വര്‍
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ. പിന്നോക്കവിഭാഗത്തില്‍പ്പെട്ട ആളായത് കൊണ്ട് തന്നെ കെ.പി.സി.സി നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല എന്നായിരുന്നു പരാതി. അത് ആദ്യം അവിടെ അംഗീകരിപ്പിക്ക് കരിക്കേട്ടാ, എന്നായിരുന്നു പിവി അന്‍വര്‍ ഫെയിസ്ബുക്കില്‍ പ്രതികരിച്ചത്.

നേരത്തെ കൊടിക്കുന്നിലിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാടില്ലെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം. എന്നാല്‍, നവോത്ഥാന നായകന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കൊടിക്കുന്നിലിന് പരോക്ഷ പിന്തുണ നല്‍കിയിരുന്നു.

മുഖ്യമന്ത്രി നവോത്ഥാന നായകന്‍ ചമയുകയാണ്. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. കൊള്ളാവുന്ന ധാരാളം പട്ടികജാതി ചെറുപ്പക്കാര്‍ സിപിഐഎമ്മിലുണ്ടെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം. എസ്‌സി എസ്ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലായിരുന്നു കൊടിക്കുന്നില്‍ വിവാദ പരമാര്‍ശം നടത്തിയത്.

വിവാദമായതോടെ നടത്തിയ പ്രതികരണത്തിലും കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ ഉറച്ചുനിന്നു. നവോത്ഥാന നായകന്‍ എന്ന് പറയുന്നതിലെ ആത്മാര്‍ത്ഥതയെയാണ് താന്‍ ചോദ്യം ചെയ്തതെന്നും നവോത്ഥാനം സ്വന്തം കുടുംബത്തില്‍ നടപ്പാക്കി കാണിക്കണമെന്നാണ് ആവശ്യപ്പെട്ടെന്നുമായിരുന്നു വിശദീകരണം.

Next Story