Top

പഞ്ചാബ് കോണ്‍ഗ്രസിന് ഇരട്ട പ്രഹരം; അമരീന്ദര്‍ ബിജെപിയിലേക്കും സിദ്ദു ആംആദ്മിയിലേക്കും?

ആംആദ്മിപാര്‍ട്ടി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നതിനിടയിലാണ് സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങളെന്നതും പ്രധാന്യമര്‍ഹിക്കുന്നതാണ്.

29 Sep 2021 1:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് കോണ്‍ഗ്രസിന് ഇരട്ട പ്രഹരം; അമരീന്ദര്‍ ബിജെപിയിലേക്കും സിദ്ദു ആംആദ്മിയിലേക്കും?
X

പഞ്ചാബ് കോണ്‍ഗ്രസില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന സിദ്ദു അമരീന്ദര്‍ പോരിന്റെ പര്യവസാനം തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയെ തകര്‍ത്തെറിയുന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാവുമായ അമരീന്ദര്‍ സിങും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നത പഞ്ചാബ്് കോണ്‍ഗ്രസിനെ വലിയ തകര്‍ച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിലെ ഈ രണ്ട് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയ്ക്ക് പുറത്തേക്കുള്ള വഴി തേടിയാണ് നില്ക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മുഖ്യസ്ഥാനത്തുനിന്നു രാജിവെച്ച പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായനായ ക്യാപ്റ്റന്‍ അമരീന്ദര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും അമരീന്ദറിന്റെ കൂടിക്കാഴ്ച്ച സംബന്ധിച്ച്് ഇതിനകം സ്ഥിരീകരണം വന്നുകഴിഞ്ഞു. തികച്ചും വ്യക്തിപരമെന്നാണ് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് ഇതേ കുറിച്ച് പ്രതികരിച്ചത്. അതിനിടെയാണ് അമരീന്ദറിന്റെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദു അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. സിദ്ദു ആംആദ്മിപാര്‍ട്ടിയിലേക്ക് ചേക്കറുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സജീവമാവുകയാണ്. ആംആദ്മിപാര്‍ട്ടി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നതിനിടയിലാണ് സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങളെന്നതും പ്രധാന്യമര്‍ഹിക്കുന്നതാണ്.

അമരീന്ദറുമായി അഭിപ്രായഭിന്നത പുലര്‍ത്തുമ്പോഴും സിദ്ദുവിനെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി പിന്തുണയ്ക്കുന്ന കാഴ്ച്ചയ്ക്കാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി പഞ്ചാബ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. അമരീന്ദര്‍സിദ്ദു അഭിപ്രായഭിന്നത പാര്‍ട്ടിയില്‍ പൊട്ടിത്തെറികളുണ്ടാക്കുന്നതിന്നിടയിലും സിദ്ദുവുമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും രഹസ്യമായും പരസ്യമായും ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ദു പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേല്ക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള സിദ്ദുവിന്റെ അപ്രതീക്ഷിത രാജിയാകട്ടെ പാര്‍ട്ടിയിലെ തന്റെ ചിര വൈരിയായ അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്രാപിക്കുന്നതിന്നതിനിടയിലാണെന്നതും ശ്രദ്ധേയമാണ്.

പുതിയ മന്ത്രിസഭാ വികസനത്തില്‍ തനിക്ക് അനഭിമതരായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് സിദ്ദുവിനെ പ്രകോപിച്ചതെന്നു സൂചനകളുണ്ട്. എംഎല്‍്എമാരുടെ ശക്തമായ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ച സുഖ്ജിന്തര്‍ സിങ് രണ്‍ധവെയെ സിദ്ദുവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്് മാറ്റേണ്ടിവന്നത്. രണ്‍ധവെയ്ക്ക് ആഭ്യന്തര വകുപ്പുനല്കിയതും അമരീന്ദര്‍ പക്ഷത്തുള്ള ജിപി സോണിയ്ക്ക്് ഉപമുഖ്യമന്ത്രിസ്ഥാനം നല്കിയതും സിദ്ദുവിനെ ചൊടിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. പുതിയ മന്ത്രിസഭാംഗങ്ങളെ തെരെഞ്ഞടുക്കുന്നതിന്നിടയില്‍ സിദ്ദു പലപ്പോഴും രാജി ഭീഷണി മുഴക്കിയിരുന്നതായും പറയപ്പെടുന്നു. ദളിത് മുഖ്യമന്ത്രിയായി ചന്നിയെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ അടുത്ത തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായൊരു മുഖം ചന്നിയിലൂടെ നല്കാനാകുമെന്നുമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കൂട്ടല്‍ സിദ്ദുവിനെ പൂട്ടാനുള്ള വഴിയായും വിലയിരുത്തപ്പെടുന്നു.

അമരീന്ദറാകട്ടെ സിദ്ദു പഞ്ചാബിന് യോജിച്ചവനല്ലെന്നു ഞാനന്നേ പറഞ്ഞതല്ലേയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിക്കുകയാണ് രാജി സംബന്ധിച്ച ആദ്യ പ്രതികരണത്തില്‍ ചെയ്തത്. സിദ്ദുവിനെ ചെറുപ്പം മുതലേ തനിക്കറിയാമെന്നും അയാള്‍ സ്ഥിരതയില്ലാത്ത സ്വഭാവമുള്ള ഒരാളാണെന്നും അയാള്‍ക്കൊരിക്കലും ടീമിന്റെ നായകനാകാന്‍ കഴിയില്ലെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടു. തന്റെ സര്‍ക്കാറില്‍ മന്ത്രിയായിരിക്കെ സിദ്ദുവിന് ഒരിക്കലും കഴിവുതെളിയിക്കാനായിട്ടില്ലെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി. സിദ്ദുവിനെപോലെ പാക്കിസ്ഥാനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഒരാള്‍ക്ക് പാക്കിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചാബ് പോലൊരു സംസ്ഥാനത്തിന് പറ്റിയ രാഷ്ട്രീയക്കാനാകാന്‍ ആവില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ഐഎസ്‌ഐ മേധാവി ഖമര്‍ ജാവേദ് ബജ്‌വയുമായും സിദ്ദുവിനുള്ള സൗഹൃദം പരാമര്‍ശിച്ച് അമരീന്ദര്‍ അഭിപ്രായപ്പെട്ടത്.

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പില്‍ ശക്തമായ സാന്നിധ്യമായിമാറിയ ആംആദ്മിപാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി നിലയുറപ്പിച്ചുകഴിഞ്ഞു. സിദ്ദുവിനെപോലൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ കടന്നുവരവ് എഎപിയുടെ അധികാര പ്രതീക്ഷകള്‍ക്കു ശക്തിപകരും. ബിജെപി-അകാലിദള്‍ സഖ്യം പിരിഞ്ഞതിനുശേഷമുള്ള ആദ്യ തെരെഞ്ഞടുപ്പാണ് ഇനി വരാന്‍ പോകുന്നത്. ബിജെപിയ്ക്ക് ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് പഞ്ചാബില്‍ സ്വാധീനശക്തിയാകാന്‍ കഴിയാത്തതെന്ന പാര്‍ട്ടിയുടെ വിലയിരുത്തലുകള്‍ക്കിടയില്‍ അമീന്ദറിനെപോലെ പഞ്ചാബ് രാഷ്ട്രീയത്തില്‍ അതികായനായ ഒരാളുടെ പ്രവേശനം പ്രതീക്ഷ നല്കുന്നതാണ്.

അതേസമയം, അമീന്ദര്‍രാജ് എന്നുപോലും വിളിക്കപ്പെട്ട രണ്ടുതവണ മുഖ്യമന്ത്രിയായ അമരീന്ദറിന്റെ പഞ്ചാബ് രാഷ്ട്രീയത്തിലെ സ്വാധീനം കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടം തന്നെയാണ്. പലപ്പോഴും ഗാന്ധി കുടുംബത്തിന്റെ നേതൃതോ്വത്തെപോലും വെല്ലുവിളിച്ച് പഞ്ചാബില്‍ അധികാര ശക്തിയായി മാറിയിരുന്ന അമരീന്ദര്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വിജയഫോര്‍മുലയെന്നതും നിഷേധിക്കാനാവില്ല. ക്രിക്കറ്റര്‍ എന്ന നിലയില്‍ സിദ്ദുവിന്റെ ജനകീയ സ്വാധീനം അമീന്ദറിനെ പോലും വെല്ലുവിളിക്കുന്നതായിരുന്നു. തന്നെ കാണിച്ച് ജനങ്ങളെ ആകര്‍ഷിച്ച് അമരീന്ദറിന്റെ കീഴില്‍ വെറുമൊരു മന്ത്രിയായി തുടരാന്‍ ആവില്ലെന്ന സിദ്ദുവിന്റെ കോപ്ലക്‌സും ക്യാപ്റ്റന്‍ അമരീന്ദറിന്റെ വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമാണ് കോണ്‍ഗ്രസിനെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.

Next Story