Top

'ഹിന്ദു ഇന്ത്യ അല്ല, മതേതര ഇന്ത്യ എന്നാണ് ഗാന്ധിയും നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ചത്'; അതാണ് പിന്തുടരേണ്ടതെന്ന് പിടി തോമസ്

പോരാടിച്ചാല്‍ സമൂഹത്തിലെ സമാധാനം തകരും

11 Sep 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദു ഇന്ത്യ അല്ല, മതേതര ഇന്ത്യ എന്നാണ് ഗാന്ധിയും നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ചത്; അതാണ് പിന്തുടരേണ്ടതെന്ന് പിടി തോമസ്
X

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിനെതിനെതിരെ തുറന്നടിച്ച് വീണ്ടും പി ടി തോമസ് എംഎല്‍എ. ബിഷപ്പിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. ലഹരി ഉപയോഗം ഏതെങ്കിലും മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞിട്ടല്ല സമൂഹത്തില്‍ നടക്കുന്നതെന്നും പി ടി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

പാലാ ബിഷപ്പിന് നേരെയുള്ള പിഡിപിയുടെ പ്രതിഷേധം ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്ത്യന്‍ മുസ്ലിം സഹോദരന്‍മാര്‍ക്കിടയില്‍ പരസ്പരം അകന്നുപോവാനുളള ഒരു ശ്രമം ആരോ നടത്തുന്നുണ്ട്. ലഹരി ഉപയോഗവും ലഹരി കച്ചവടവും ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിലല്ല സമൂഹത്തില്‍ നടക്കുന്നത്.

പാലാ ബിഷപ്പിന് സ്വന്തം മതത്തിലെ ലഹരിക്കടിമയായിട്ടുള്ള യുവാക്കളെ നേര്‍വഴിക്കു നടത്താനുള്ള കുര്‍ബാന നടത്താം. ഇന്ത്യാ വിഭജനം നടന്ന സമയത്ത് മുസ്ലിം പാകിസ്ഥാന്‍ എന്ന് ഒരു വിഭാഗം ഉയര്‍ത്തിയപ്പോള്‍ ഹിന്ദു ഇന്ത്യ എന്നല്ല മതേതര ഇന്ത്യ എന്നാണ് ഗാന്ധിയും നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ചത്, അതാണ് നമ്മള്‍ പിന്തുടരേണ്ടത്. എല്ലാ സമുദായ സംഘടനകളും പരസ്പരം പോരാടിച്ചാല്‍ സമൂഹത്തിലെ സമാധാനം തകരുമെന്ന് പിടി തോമസ് പറഞ്ഞു.

Next Story