Top

'മോദിയും ബിജെപിയും കണ്ടുവെച്ച ആളെങ്ങനെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി?' ബെഹ്റയ്ക്കെതിരെ പിടി തോമസ്

'ഈ തട്ടിപ്പുകാരെല്ലാം കറങ്ങിത്തിരിഞ്ഞ് അങ്ങയുടെ അടുത്ത് വരുന്നത് എന്തു കൊണ്ടാണ്'

5 Oct 2021 7:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയും ബിജെപിയും കണ്ടുവെച്ച ആളെങ്ങനെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി? ബെഹ്റയ്ക്കെതിരെ പിടി തോമസ്
X

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ നിരന്തരം ആരോപണം വന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് പിടി തോമസ് എംഎൽഎ. മോൻസൺ വിവാദം, പൊലീസ് ക്രമീകരണത്തിന് ചെലവഴിച്ച 150 കോടിയിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ ബെഹ്റയ്ക്കെതിരെ വരുമ്പോഴും അദ്ദേഹത്തിന് ശമ്പളം കൂട്ടി നൽകുന്ന ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പു വെച്ചതെന്നും പിടി തോമസ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.

"പിണറായി വിജയന്റെ കാലം തട്ടിപ്പുകാരുടെ കാലമായി മാറാമോ. ഈ തട്ടിപ്പുകാരെല്ലാം കറങ്ങിത്തിരിഞ്ഞ് അങ്ങയുടെ അടുത്ത് വരുന്നത് എന്തു കൊണ്ടാണ്. മോശയുടെ വടിയും പിടിച്ച് ടിപ്പു സുൽത്താന്റെ കസേരയിലിരിക്കുന്ന അങ്ങയുടെ വിനീത വിനയൻ ലോക്നാഥ് ബെഹ്റയുടെ ശമ്പളം പുതുക്കി നിശ്ചയിക്കാൻ 3.10. 2010 ൽ അങ്ങ് ഇട്ടിരിക്കുന്ന ഒപ്പിതാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം പുതുക്കി നൽകുന്നതിന് പകരം അയാളെപ്പിടിച്ച് പുറത്താക്കാൻ ഉത്തരവിടാൻ ആ കൈയ്ക്ക് കരുത്തുണ്ടാവണമായിരുന്നു," പിടി തോമസ് പറഞ്ഞു.

"കേന്ദ്ര സർക്കാർ സിബിഐ തലവനെ പുതുതായി നിയമിക്കാനാലോചിച്ചപ്പോൾ നരേന്ദ്ര മോദിയുടെ ഒന്നാം പേരുകാരനായിരുന്നു ഈ ലോക്നാഥ് ബെഹ്റ. സുപ്രീം കോടതി ഇടപെട്ടത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. സിബിഐ ഡയറക്ടറാവാൻ നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാറും കണ്ടുപടിച്ച ആളുതന്നെ അങ്ങയുടെ ഏറ്റവും വലിയ വിശ്വസ്യതനായ കൊച്ചി മെട്രോയിൽ കുത്തിയിരിക്കുന്നതെങ്ങനെയാണ്. അങ്ങ് കരുത്തനാണെന്ന് പറയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അങ്ങ് കൈ കൊണ്ട് ഒരു ആം​ഗ്യം കാണിച്ചപ്പോൾ സുധാകരൻ തന്നെ പേടിച്ചിട്ടുണ്ട്. ആ ആ​ഗ്യം കാണിച്ച കൈ കൊണ്ട് ഒരൊപ്പിടാൻ പറ്റുമോ," പിടി തോമസ് ചോദിച്ചു.

Next Story