Top

'എന്തുകൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റായി?'; കെപിസിസിക്കെതിരെ തുറന്നടിച്ച് പി എസ് പ്രശാന്തിന്റെ മറുപടി

'ജനാധിപത്യ മര്യാദയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ഒക്കെ പാലിച്ചുകൊണ്ടുള്ള എന്റെ പോരാട്ടം പൂര്‍ണ്ണമായും പരാജയപ്പെട്ടത് കൊണ്ടാണ് ഇതൊക്കെ തുറന്ന് പറയാന്‍ നിര്‍ബ്ബന്ധിതനായത്'

21 Sep 2021 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തുകൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റായി?; കെപിസിസിക്കെതിരെ തുറന്നടിച്ച് പി എസ് പ്രശാന്തിന്റെ മറുപടി
X

എന്തുകൊണ്ട് താന്‍ കമ്മ്യൂണിസ്റ്റായെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പി എസ് പ്രശാന്ത്. കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളോടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മെയിലയച്ചെങ്കിലും അത് ഗൗരവത്തിലെടുക്കാതെ തന്നെ പുറത്താക്കാനുള്ള ഗൂഡാലോചനയാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു.

'30 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഐഎം എന്ന പ്രസ്ഥാനത്തില്‍ ചേരാന്‍ തീരുമാനിച്ചത് വേദനാജനകമായ ചില സംഘടനാനുഭവങ്ങള്‍ നല്കിയ പാഠങ്ങള്‍ കൊണ്ടാണ്. സംഘടനാ തലത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാലിച്ച് കൊണ്ട് പല നേതാക്കളോടും അന്വോഷണ സമിതിക്ക് മുന്നിലും പരാതി നല്കിയതിന് ശേഷവും എന്റെ പരാതിക്കൊ ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കോ കെപിസിസി പ്രസിഡന്റോ മറ്റേതെങ്കിലും മുതിര്‍ന്ന നേതാക്കളോ അന്വേഷണ സമിതിയോ ഒരു വിലയും കല്‍പ്പിക്കുന്നില്ലായെന്ന ഉറച്ച ബോധ്യം വന്നതിന് ശേഷമാണ് വളരെ വേദനയോട് കൂട്ടി പാര്‍ട്ടി വിട്ട് പോകാന്‍ തീരുമാനിക്കുന്നത്.'

നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നത് ആദ്യ സംഭവമല്ലെന്നും പ്രശാന്ത് പറഞ്ഞു. അതിനെ സംബന്ധിച്ച അന്വോഷണം നടക്കുകയും അന്വേഷണ റിപ്പോര്‍ട്ട് കടലാസില്‍ ഒതു ങ്ങന്നതും കോണ്‍ഗ്രസിന്റെ പതിവ് സംഘടനാ ശൈലിയുമാണ്, എല്‍ഡിഎഫ് നേതൃത്വം നല്കുന്ന സര്‍ക്കാരിന് അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടായിരുന്നു എന്നതും ആ തരംഗത്തെ അതിജീവിക്കാനുള്ള സംഘടനാ ബലമോ വിശ്വാസ്യതയോ യുഡിഎഫ് നേത്യത്വത്തിന് ഉണ്ടായിരുന്നില്ല എന്നതും നമ്മുടെ ചില മാഫിയ സംഘങ്ങളുടെ 'പാര വയ്പും ' കൂടി ആയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വിജയം ഒരു സീറ്റില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ പരാജയത്തില്‍ എല്ലാം തകര്‍ന്നുവെന്ന കാഴ്ച്ചപ്പാടും എനിക്കുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഇലക്ഷന്‍ പരാജയത്തിന് ശേഷം അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ നേരില്‍ കാണുകയും ഇലക്ഷനുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞുതുമില്ല. എന്നാല്‍ നെടുമങ്ങാട് മണ്ഡലത്തിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശ്രീ പാലോട് രവിയുടേയും മാഫിയാ സംഘത്തിന്റേയും സകല വിവരങ്ങളും മുല്ലപ്പള്ളി രാമചന്ദ്രന്‍ സാര്‍ നന്നായി മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'താനൊരു പരാതിയും നല്കിയില്ല എങ്കിലും ഞാനീ കസേരയിലുണ്ടാകുമെങ്കില്‍ തോല്പിക്കാന്‍ ഗൂഡാലോചന നടത്തിയ ഒരാളേയും ഭാരവാഹിയായി തുടരുവാന്‍ അനുവദിക്കില്ല എന്ന ഉറപ്പും നല്കി. സ്ഥാനാര്‍ത്ഥി ആയത് മുതല്‍ വോട്ടെണ്ണല്‍ വരെ രഹസ്യമായി തോല്പ്പിക്കാന്‍ ശ്രമിച്ചവര്‍ വോട്ടെണ്ണലിന് ശേഷം എന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലായെന്ന പരസ്യമായ നിലപാടെടുത്തു. അത്തരം പ്രവര്‍ത്തനങ്ങള്‍ ഈ മാഫിയ സംഘം ശക്തമായ തുടരുമ്പോഴാണ് പുതിയ കെപിസിസി പ്രസിഡന്റ് വരുന്നത്. അങ്ങനെയാണ് ഇലക്ഷന് ശേഷമുള്ള എന്റെ അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് ഒരു പരാതി നല്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഏകദേശം ഒരു മണിക്കൂറോളം പുതിയ കെപിസിസി പ്രസിഡന്റുമായി അനുഭവങ്ങള്‍ പങ്ക് വച്ച് രേഖാമൂലം പരാതിയും നല്കി.

പിന്നീട് കെപിസിസി ചുമതലപ്പെടുത്തിയ അന്വേഷണ സമിതിക്ക് മുന്നിലും പരാതിപ്പെട്ടു. എന്റെ പരാതി ആരേയും പുറത്താക്കണമെന്നായിരുന്നില്ല മറിച്ച് തോല്പ്പിക്കാനും സംഘടനാ പ്രവര്‍ത്തനം തടയുവാനും ശ്രമിക്കുന്നവരെ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ഏല്പിക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു. പക്ഷേ എന്റെ പരാതി കെപിസിസി പ്രസിഡന്റോ അന്വേഷണ സമിതിയോ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല അവരെ തന്നെ തിരഞ്ഞ് പിടിച്ച് നിയമിക്കുയും ചെയ്തിരിക്കുന്നു.'

'ജനാധിപത്യ മര്യാദയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ഒക്കെ പാലിച്ചുകൊണ്ടുള്ള എന്റെ പോരാട്ടം പൂര്‍ണ്ണമായും പരാജയപ്പെട്ടത് കൊണ്ടാണ് ഞാനിതൊക്കെ തുറന്ന് പറയാന്‍ നിര്‍ബ്ബന്ധിതനായത്. ഉടനെ എന്നെ സസ്‌പെന്‍ഡ് ചെയ്തും .എന്നിട്ടും ആ നടപടി അംഗീകരിച്ച് കൊണ്ട് സംഘടനയില്‍ ഉറച്ച് നില്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കേരളത്തിലേയും ഇന്ത്യയിലേയും കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മെയിലയച്ചു. മെയിലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെ എന്നെ പുറത്താക്കാനുള്ള ഗൂഡാലോചനയാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. അങ്ങനെയാണ് 30 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം എനിക്ക് മനോവേദനയോടെ അവസാനിപ്പിക്കേണ്ടി വന്നതും ഞാന്‍ പ്രാഥമികാംഗത്തില്‍ നിന്നും രാജി നല്കിയതും.'

എന്നാല്‍ ഇന്ന് താനെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു. ജനാധിപത്യമുള്ള മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സോഷ്യലിസ്റ്റ് മൂല്ല്യങ്ങള്‍ക്കായി പോരാടുന്ന സിപിഐഎം എന്ന സംഘടനയിലാണ് താന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത. മാത്രമല്ല ഒരു സാധാരണ തൊഴിലാളിയുടെ മകന് സുരക്ഷിതത്വബോധത്തോടേയും ആത്മവിശ്വാസത്തോടേയും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന സംഘടന സിപിഐഎം ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ എന്നെ അധിക്ഷേപിക്കുകയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരും നാട്ടില്‍ മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഉണ്ടാകണമെങ്കില്‍ വളരെ താമസിയാതെ തന്നെ സിപിഐഎം എന്ന പ്രസ്ഥാനത്തിലേക്ക് വരേണ്ടിവരും എന്ന തിരിച്ചറിവ് ഉണ്ടാകട്ടേ എന്ന് പ്രാര്‍ഥിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 30 വര്‍ഷത്തെ തന്റെ കോണ്‍ഗ്രസ് ജീവിതത്തിന്റെ വഴിത്താരയില്‍ സഹായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story