Top

കോണ്‍ഗ്രസ് വിട്ട് പിഎസ് പ്രശാന്ത്; 'എല്ലാത്തിനും കാരണം കെസി വേണുഗോപാല്‍'

പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പിഎസ് പ്രശാന്ത്

31 Aug 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് വിട്ട് പിഎസ് പ്രശാന്ത്; എല്ലാത്തിനും കാരണം കെസി വേണുഗോപാല്‍
X

പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പിഎസ് പ്രശാന്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നിയോജക മണ്ഡലത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനായി നിയമിച്ചതിലൂടെ പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അച്ചടക്കമില്ലാത്ത പാര്‍ട്ടിയായി എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നും പിഎസ് പ്രശാന്ത് ചോദിച്ചു.

തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും വ്യാജ പ്രെഫൈല്‍ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുകയുമുണ്ടായി, കെപിസിസി പ്രസിഡണ്ട് പങ്കെടുത്ത പരിപാടിയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നത് ഉള്‍പ്പെടെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് നേരിട്ടതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
'എന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുവെന്നാണ് പാലോട് രവി പറഞ്ഞത്. പച്ചക്കള്ളമാണ് പറയുന്നത്. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്.പാലോട് രവി കുമ്പിടിയാണ്. പാലോടിന് രാഷ്ട്രീയത്തേക്കാള്‍ നല്ലത് അഭിനയം. അഭിനയത്തിന് ഓസ്‌കാര്‍, ഭരത് അവാര്‍ഡ് കിട്ടും. ഞാന്‍ ജയിക്കുമെന്ന ട്രന്റ് വന്നപ്പോള്‍ പ്രവര്‍ത്തകരെ തനിക്കെതിരെ തിരിക്കാന്‍ ശ്രമിച്ചു.' പിഎസ് പ്രശാന്ത് പറഞ്ഞു
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂലകാരണം കെസി വേണുഗോപാലാണെന്നും അദ്ദേഹത്തിന് താല്‍പര്യമുള്ളവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രശാന്ത് ആരോപിച്ചു. ഒരു പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രശാന്ത് കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഒരു പാര്‍ട്ടിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ല, മറിച്ച് പൊതു പ്രവര്‍ത്തന രംഗത്ത് തുടരുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
Next Story