Top

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിഎസ് പ്രശാന്ത്

സെക്രട്ടറിയേറ്റില്‍ ചെന്നാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കണ്ടത്.

4 Sep 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിഎസ് പ്രശാന്ത്
X

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റില്‍ ചെന്നാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കണ്ടത്.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇന്നലെയാണ് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രശാന്ത് അറിയിച്ചത്.

നേതാക്കളെ വിശ്വാസത്തില്‍ എടുക്കാതെ ഏകപക്ഷീയമായി ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് മാറിയെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയായിരുന്ന തനിക്ക് പോലും പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ആഴത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയെന്ന നിലയിലാണ് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

ഇന്നലെ പി എസ് പ്രശാന്ത് പറഞ്ഞത്: ''പ്രാദേശിക നേതാക്കളെ വിശ്വാസത്തില്‍ എടുക്കാതെ ഏകപക്ഷീയമായ രീതിയില്‍ ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് മാറി കൊണ്ടിരിക്കുന്നു. അച്ചടക്കമില്ലാത്ത പ്രസ്ഥാനമായും കോണ്‍ഗ്രസ് മാറി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എനിക്ക് പോലും പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. രാഷ്ട്രീയപ്രവര്‍ത്തകന് ആവശ്യം സ്വസ്ഥമായി ജനങ്ങള്‍ക്കിടയില്‍ നിന്ന് പൊതുപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ആഴത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയെന്ന നിലയിലാണ് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒരു ഉപാധികളുമില്ലാതെയാണ് ഞാന്‍ സിപിഐഎമ്മില്‍ കടന്നുവന്നത്. മനസമാധാനത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അന്തരീക്ഷമുള്ളത് സിപിഐഎമ്മില്‍ മാത്രമാണ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും വളരെ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കും. എന്നെ പോലെയൊരു സാധാരണപ്രവര്‍ത്തകന് ഇവിടെ ലഭിച്ച സ്വീകരണം, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്വീകരണമാണ് ലഭിച്ചത്. കണ്ണ് നിറഞ്ഞു പോകുന്നു. അതില്‍ സിപിഐഎം നേതൃത്വത്തോട് നന്ദി അറിയിക്കുന്നു.''

Next Story