Top

'ഹൈക്കമാന്റിനെ' വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി

അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

30 Aug 2021 2:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈക്കമാന്റിനെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി
X

കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.

Next Story