Top

'പിആര്‍ഡിയില്‍ തിരുകിക്കയറ്റല്‍'; പായ്ക്കര്‍, സ്വീപ്പര്‍, ഒഎ തസ്തികകളിലുള്ളവരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാന്‍ ശ്രമം; ഉദ്യോഗാര്‍ത്ഥികളില്‍ ആശങ്ക

11 Aug 2021 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിആര്‍ഡിയില്‍ തിരുകിക്കയറ്റല്‍; പായ്ക്കര്‍, സ്വീപ്പര്‍, ഒഎ തസ്തികകളിലുള്ളവരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാന്‍ ശ്രമം; ഉദ്യോഗാര്‍ത്ഥികളില്‍ ആശങ്ക
X

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരില്‍ ചിലര്‍ക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം നല്‍കി പിആര്‍ഡിയില്‍ അനധികൃത നീക്കത്തിന് ശ്രമമെന്ന് ആക്ഷേപം. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥ ലോബിയാണ് നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം. ആയിരത്തോളം പേര്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് കാത്തിരിക്കുന്ന സാഹചര്യത്തിലേക്കാണ് അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ തിരുകി കയറ്റല്‍ നീക്കം നടക്കുന്നത്.

പിആര്‍ഡിയിലെതുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ്, പായ്ക്കര്‍, ബൈന്‍ഡര്‍ തുടങ്ങിയ പദവിയിലുള്ള ബിരുദധാരികളായ ചിലരെ തസ്തികമാറ്റത്തിലൂടെ അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിയമിക്കാനാണ് നീക്കം. മാധ്യമ മേഖലയിലെ പ്രവര്‍ത്തന പരിചയമെന്ന സുപ്രധാന ഘടകം കണക്കിലെടുക്കാതെയാണ് ഇത്തരമൊരു നടപടി പുരോഗമിക്കുന്നത്. ബിരുദവും മാധ്യമ മേഖലയിലെ എഡിറ്റോറിയല്‍ സംബന്ധമായ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് എഐഒ തസ്തികയിലേക്കുള്ള യോഗ്യത. ഈ യോഗ്യതയുള്ള ആയിരത്തോളം പേര്‍ പരീക്ഷയെഴുതി കാത്തിരിക്കവെയാണ് ഇവരെ നോക്കുകുത്തിയായി അനധികൃത നിയമനത്തിന് നീക്കം നടക്കുന്നത്. തസ്തിക മാറ്റത്തിനുള്ള ശുപാര്‍ ഇതിനോടകം സര്‍ക്കാറിന് മുന്നിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സെക്രട്ടേറിയറ്റിലെ പ്രബല യൂണിയനിലെ അംഗങ്ങളാണ് ഇത്തരത്തില്‍ പട്ടിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത്. സ്‌പെഷല്‍ റൂള്‍ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി വച്ചാണ് ഇവരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാന്‍ പിആര്‍ഡിയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്. ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ 10% സംവരണം നേടാനാണ് ശ്രമം. രഹസ്യ നീക്കം പുറത്തായതോടെ പിആര്‍ഡിയില്‍ മാധ്യമ പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ കടുത്ത അതൃപ്തിയും ഉടലെടുത്തിട്ടുണ്ട്.

പിആര്‍ഡിയില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനം നടത്തണമെന്ന ആവശ്യം 2013 ല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും 2016 ല്‍ കേരള ഹൈക്കോടതിയും തള്ളിയതാണ്. ഈ വസ്തുത മറച്ചു വച്ചാണ് പഴയ നീക്കം പുതിയ രൂപത്തില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലുള്ള വകുപ്പിന്റെ വിമുഖതയും പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതില്‍ പിഎസ്‌സിയുടെ കാലതാമസവും മൂലം 12 ജില്ലകളിലും സെക്രട്ടേറിയറ്റിലും എഐഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതിന്റെ മറ പിടിച്ചാണ് സെക്രട്ടേറിയറ്റില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥ ലോബി വീണ്ടും ഇടപെടല്‍ നടത്തുന്നത്.

തിരുകി കയറ്റല്‍ നീക്കത്തിന് എതിരെ എഐഒ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കാനും കോടതിയെ സമീപിക്കാനുമുള്ള ഒരുക്കത്തിലാണ്. ഉദ്യോഗാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കികഴിഞ്ഞു.

Next Story