Top

കൊടിക്കുന്നിലിനെതിരായ പോസ്റ്റർ; കൊല്ലം കോണ്‍ഗ്രസില്‍ കലാപക്കൊടി, നേതാക്കള്‍ക്ക് പങ്കെന്ന് സൂചന

പോസ്റ്റർ പതിപ്പിച്ചത് പ്രമുഖ നേതാവിൻ്റെ അറിവോടെയാണെന്ന സംശയം.

23 Aug 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടിക്കുന്നിലിനെതിരായ പോസ്റ്റർ; കൊല്ലം കോണ്‍ഗ്രസില്‍ കലാപക്കൊടി, നേതാക്കള്‍ക്ക് പങ്കെന്ന് സൂചന
X

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിനെതിരായ പോസ്റ്റർ വിവാദത്തില്‍ കൊല്ലത്ത് കൊൺഗ്രസിനുള്ളിൽ കലാപം. വിഷയത്തില്‍ എ ഗ്രൂപ്പ് നേതാവ് സൂരജ് രവി ഡിജിപിക്ക് പരാതി നൽകി. എ. ഗ്രൂപ്പിലുള്ളവർ തന്നെയാണ് പോസ്റ്ററിന് പിന്നിലെന്ന് ആക്ഷേപം. ഡിസിസി ഓഫീസിനുള്ളിൽ പോസ്റ്റർ പതിപ്പിച്ചത് പ്രമുഖ നേതാവിൻ്റെ അറിവോടെയാണെന്ന സംശയവും ഉയരുന്നുണ്ട്.

കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ നിര്‍ദ്ദേശിച്ചതിനെതിരെയാണ് കൊടിക്കുന്നില്‍ സുരേഷിനെതിരെ വ്യാപക പോസ്റ്ററ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത 'പോത്തന്‍കോടു 'കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നുമായിരുന്നു പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ഉയർത്തിയ ചോദ്യം. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസം. രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ടായിരുന്നു.

നേരത്തെ മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെയും പോസ്റ്ററുകള്‍ പതിച്ചിരുന്നു. കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം. 'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?'യെന്നും പോസ്റ്ററിലൂടെ ചോദിച്ചിരുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

മാത്രമല്ലെ ഇന്ന് സമാനമായ രീതിയില്‍ കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ ശശി ശശി തരൂരിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സഹായിയ ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡന്റാക്കാന്‍ തരൂര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ തരൂരിന്റെ നീക്കമെന്ന് ആരോപണം. ഇഷ്ടക്കാരനെ ഡിസിസി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ വ്യാമോഹമെന്നും പോസ്റ്ററില്‍ പ്രതിഷേധക്കാർ ആരോപിച്ചു.

അതേസമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താല്‍പ്പര്യം. പട്ടിക സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയ്ക്കായി ഇരുവരും ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. ഇതിന് ശേഷം ഡെല്‍ഹിക്ക് തിരിക്കാനാണ് നേതാക്കളുടെ തീരുമാനം.

Next Story