Top

'മണ്ഡലത്തില്‍ പോലും വരാതെ നിങ്ങളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടോ ഈ ചതി'; ശശി തരൂരിനെതിരെ പോസ്റ്റര്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ തരൂരിന്റെ നീക്കമെന്ന് ആരോപണം.

23 Aug 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ഡലത്തില്‍ പോലും വരാതെ നിങ്ങളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടോ ഈ ചതി; ശശി തരൂരിനെതിരെ പോസ്റ്റര്‍
X

കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ ശശി ശശി തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സഹായിയ ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡന്റാക്കാന്‍ തരൂര്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ തരൂരിന്റെ നീക്കമെന്ന് ആരോപണം. ഇഷ്ടക്കാരനെ ഡിസിസി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ വ്യാമോഹമെന്നും പോസ്റ്ററില്‍ പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇപ്രകാരം

തരൂരേ, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ മണ്ഡലത്തില്‍ പോലും വരാതെ താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്., സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള ശശി തരൂരിനെതിരെ പ്രതികരിക്കുക., തരൂരെ താങ്കള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോ? അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കി വെച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയം അവസാനിപ്പിച്ച ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡന്റാക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍? കോടികള്‍ തന്നു സഹായിക്കുന്ന റിസോര്‍ട്ട് മുതലാളിയും താങ്കളും ചേര്‍ന്നു പാര്‍ട്ടി പിടിക്കാമെന്ന വ്യാമോഹമാണോ?

അതേസമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താല്‍പ്പര്യം. പട്ടിക സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയ്ക്കായി ഇരുവരും ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. ഇതിന് ശേഷം ഡെല്‍ഹിക്ക് തിരിക്കാനാണ് നേതാക്കളുടെ തീരുമാനം.

നിലവില്‍ പുറത്തുവന്നിട്ടുള്ള സൂചനാ പട്ടികകളില്‍ ചില ജില്ലകളില്‍ നിന്ന് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഇതില്‍ കെ. സുധാകരന്റെ തീരുമാനം നിര്‍ണായകമായിരിക്കും. സാമൂദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ലിസ്റ്റ് നിര്‍മ്മിക്കുക. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും.

Next Story