Top

അട്ടപ്പാടിയിലെ അറസ്റ്റ്: പാലക്കാട് എസ്പി സത്യസന്ധവും സുതാര്യവുമായി അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു

8 Aug 2021 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടിയിലെ അറസ്റ്റ്: പാലക്കാട് എസ്പി സത്യസന്ധവും സുതാര്യവുമായി അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി പാലക്കാട് എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. സത്യസന്ധവും സുതാര്യവുമായി റിപ്പോര്‍ട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പാലക്കാട് എസ്പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ വട്ടളക്കി ഊരുമൂപ്പന്‍ ചൊറിയനെയും മകനും ആദിവാസി നേതാവുമായ പി വി മുരുകനെയുമാണ് അഗളി സിഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ സ്ത്രീകളെയും മുരുകന്റെ 17 വയസുള്ള മകനെയുമടക്കം പൊലീസ് മര്‍ദിച്ചതായി പരാതിയുണ്ട്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസങ്ങളില്‍ മുരുകനും അയല്‍വാസിയായ കറുതാചലവും തമ്മലുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയിലാണ് മുരുകനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തി തകര്‍ക്കത്തിനിടെ മുരുകനും കുടുംബവും ആക്രമിച്ചെന്നായിരുന്നു അയല്‍വാസിയുടെ പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

മുരുകനെയും പിതാവിനെയും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അറസ്റ്റ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇവരെയും പൊലീസ് മര്‍ദിച്ചതായാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ദൃശ്യങ്ങളില്‍ പൊലീസ് മുരുകന്റെ 17 വയസുകാരനായ മകന്റെ മുഖത്തടിക്കുന്നത് കാണാം. അതേസമയം, അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലേക്ക് സമരം മാറ്റി.

അതേസമയം, കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. മുരുകന്റെ ആക്രമണത്തില്‍ അയല്‍വാസിയുടെ തലയ്ക്ക് അടക്കം പരുക്കേറ്റുവെന്നാണ് പൊലീസ് പറയുന്നത്. ഇതേ സംഭവത്തില്‍ മുരുകനും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഊരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എഎസ്പി അറിയിച്ചു.

Next Story