Top

'ഊതിയാൽ കെടുന്ന തീയണയ്ക്കാൻ ഫയർ എഞ്ചിൻ വേണ്ട'; ജലീലിനോട് പിഎംഎ സലാം; ഫേസ്ബുക്കിൽ തർക്കം

എആര്‍ സഹകരണ ബാങ്ക് വിവാദം പുകയുന്നതിനിടെയാണ് മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചത്

9 Sep 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഊതിയാൽ കെടുന്ന തീയണയ്ക്കാൻ ഫയർ എഞ്ചിൻ വേണ്ട; ജലീലിനോട് പിഎംഎ സലാം; ഫേസ്ബുക്കിൽ തർക്കം
X

എആർ ന​ഗർ ബാങ്കിൽ ലീ​ഗ് നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കൊണ്ടും കൊടുത്തും കെടി ജലീലും മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും. സഹകരണ ബാങ്ക് വിഷയത്തിൽ ഇഡി ഇടപെടുന്നതിൽ ജലീലിനെ മുഖ്യമന്ത്രി തള്ളിയതിനു പിന്നാലെ പരിഹാസവുമായി പിഎംഎ സലാം രം​ഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇരുവരുടെയും ഫേസ്ബുക്ക് തർക്കം തുടങ്ങിയത്.

"എആർ ന​ഗർ പൂരം: ആകാശ വാണി തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള ഇടപെടലുള്ളതിനാൽ വളാഞ്ചേരി നിലയത്തിൽ നിന്നുള്ള വെടിക്കെട്ടുകൾ താല‍ക്കാലികമായി നിർത്തിവെച്ചിരിക്കുന്നു" എന്നായിരുന്നു സലാമിന്റെ പരിഹാസം.

പിന്നാലെ മറുപടിയുമായി കെടി ജലീൽ രം​ഗത്തെത്തി.

"ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!" കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇതിന് ഉടനടി പിഎംഎ സലാമിന്റെ മറുപടി വന്നു.

"ഊതിയാല്‍ കെട്ട് പോകുന്ന തീയണക്കാൻ ആരെങ്കിലും ഫയര്‍ എഞ്ചിന്‍ വിളിക്കാറുണ്ടോ? NB.ഇതുംകൂടി സ്ക്രീന്‍ഷോട്ട് എടുത്ത് വെച്ചോളൂ, ആവശ്യം വന്നേക്കാം" പിഎംഎ സലാമിന്റെ മറുപടി ഇങ്ങനെ

എആര്‍ സഹകരണ ബാങ്ക് വിവാദം പുകയുന്നതിനിടെയാണ് മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു കൂടികാഴ്ച്ച. ചന്ദ്രിക ക്രമക്കേട് വിവാദത്തില്‍ ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടികാഴ്ച്ച.

Next Story