Top

'കുഞ്ഞാലിക്കുട്ടി ചന്ദ്രികയിലെ പണം എടുത്തിട്ടില്ല'; മൂഈന്‍ അലിക്കെതിരേ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പിഎംഎ സലാം

9 Aug 2021 7:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടി ചന്ദ്രികയിലെ പണം എടുത്തിട്ടില്ല; മൂഈന്‍ അലിക്കെതിരേ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പിഎംഎ  സലാം
X

മുസ്ലീം ലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഐഎം കെ ടി ജലീലിനെ നിയോഗിച്ചിരിക്കുകയാണ് എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാര്‍ട്ടിക്കാരന്‍ അല്ലാത്ത കെ ടി ജലീലിനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. പാണക്കാട് കുടുംബത്തില്‍ നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞയാളാണ് ജലീല്‍ എന്നും പിഎംഎ സലാം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രംഗത്തെത്തുകയും പിന്നാലെ വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്ത മൂഈന്‍ അലിയുടെ നടപടിയെ ഇന്നും പിഎംഎ സലാം വിമര്‍ശിച്ചു. മൂഈന്‍ അലി തങ്ങളുടെ നടപടി തെറ്റായി പോയെന്ന് പാര്‍ട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. മൂഈന്‍ അലിക്കെതിരേ കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കും. എതിര്‍ അഭിപ്രായം ഉണ്ടായിരുന്നു എങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമായിരുന്നു. ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമായിരുന്നു അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങള്‍ മുഈന്‍ അലിയെ പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചത്. മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് കാലത്ത് പല കമ്പനികള്‍ക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ചന്ദ്രികയ്ക്കും ഉണ്ടായതെന്നും പിഎഎം സലാം ചൂണ്ടിക്കാട്ടി. ചന്ദ്രികയില്‍ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. വരി സംഖ്യയായി പിരിച്ചെടുത്ത പണം ചന്ദ്രികയില്‍ എത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി ചന്ദ്രികയിലെ പണം എടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനുളള ശ്രമങ്ങള്‍ ലീഗ് നടത്തും. ഫിനാന്‍സ് ഓഫിസറെ മാറ്റുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സലാം പറഞ്ഞു.

Next Story