Top

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഫുള്‍ എപ്ലസ് കിട്ടിയവരും പുറത്ത്, അവശേഷിക്കുന്നത് 655 മെറിറ്റ് സീറ്റുകള്‍

എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും വന്‍തുക മുടക്കി് മാനേജ്‌മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണുളളതെന്നാണ് കുട്ടികള്‍ പറയുന്നത്.

6 Oct 2021 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഫുള്‍ എപ്ലസ്  കിട്ടിയവരും പുറത്ത്, അവശേഷിക്കുന്നത് 655 മെറിറ്റ് സീറ്റുകള്‍
X

സംസ്ഥാനത്തെ പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടും പ്രവേശനം ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത് നിരവധി കുട്ടികള്‍. മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇനി 655 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നതും വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും വന്‍തുക മുടക്കി് മാനേജ്‌മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണുളളതെന്നുമാണ് കുട്ടികള്‍ പറയുന്നത്.

അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുമ്പോഴും അത് എങ്ങനെ എന്ന് വ്യക്തമല്ല. 4,65,219 ആണ് മുഴുവന്‍ അപേക്ഷകരുടെ എണ്ണം. ഇതുവരെ പ്രവേശന ലഭിച്ചതാകട്ടെ 2,69,533 പേര്‍ക്ക് മാത്രമാണ്. കേവലം 655 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പട്ടികയ്ക്ക് പുറത്താണ്. ഇഷ്ടപ്പെട്ട സ്‌കൂളും കോമ്പിനേഷന്‍ ലഭിക്കാത്തവര്‍ വേറെയും. എന്നാല്‍ രണ്ടാം അലോട്ട്‌മെന്റ് കഴിയുമ്പോള്‍ സ്ഥിതി വിലയിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം ബാക്കിയാവുന്ന സീറ്റുകള്‍ പുനര്‍വിന്യാസം നടത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന നിലപാട് മന്ത്രി സഭയില്‍ അറിയിക്കുകയും ചെയ്തു. സംവരണ സീറ്റുകള്‍ ഓപ്പണ്‍ മേറിറ്റിലേക്ക് ഉള്‍പ്പെടുത്തിയാലും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ ഉയര്‍ന്ന ഫീസ് നല്‍കുമ്പോള്‍ തുടര്‍ പഠനം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്.

Next Story