Top

പ്ലസ് വണ്‍ പരീക്ഷ; ആശങ്ക വേണ്ടെന്ന് ശിവന്‍കുട്ടി; ടൈം ടേബിള്‍ ഉടന്‍

ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു.

18 Sep 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ പരീക്ഷ; ആശങ്ക വേണ്ടെന്ന് ശിവന്‍കുട്ടി; ടൈം ടേബിള്‍ ഉടന്‍
X

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കുക.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കൊവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്‌കൂള്‍ തുറക്കല്‍ എന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ഇന്നലെയും മന്ത്രി അറിയിച്ചിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Next Story