Top

നവരാത്രിയോടെ മഹാരാഷ്ട്രയില്‍ ആരാധനാലങ്ങള്‍ തുറക്കും

ആളുകള്‍ കൃത്യമായ കൊവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും താക്കറെ വ്യക്തമാക്കി.

25 Sep 2021 3:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവരാത്രിയോടെ മഹാരാഷ്ട്രയില്‍ ആരാധനാലങ്ങള്‍ തുറക്കും
X

നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ ഒക്ടോബര്‍ 7 മുതല്‍ സംസ്ഥാനത്തെ ആരാധനാലങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്നറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആളുകള്‍ കൃത്യമായ കൊവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും താക്കറെ വ്യക്തമാക്കി.

' കൊവിഡ്-19 രണ്ടാം തരംഗത്തെ കൃത്യമായി നേരിട്ട നമ്മള്‍ മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരികയാണ്. സാവധാനം എല്ലാം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നതിനാല്‍ കൊവിഡ്-19 കേസുകള്‍ ആനുപാതികമായി കുറഞ്ഞുവരുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. വിശ്വാസികള്‍ക്കായി ആരാധനാലങ്ങള്‍ തുറക്കുമ്പോള്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗം അടക്കം കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.' ഉദ്ധവ് താക്കറെ അറിയിച്ചു.

കൊവിഡ്-19 ഒന്നാം തരംഗത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറന്നിരുന്നെങ്കിലും രണ്ടാം തരംഗത്തോടെ വീണ്ടും പ്രവേശനം നിര്‍ത്തുകയായിരുന്നു. രാജ്യത്ത് വളരെ പെട്ടെന്ന് കൊവിഡ്-19 രോഗബാധ പടര്‍ന്നുപിടിച്ച സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. അപ്പോഴും ആരാധനാലങ്ങള്‍ തുറന്നുനല്‍കണമെന്ന ആവശ്യത്തിലായിരുന്നു പ്രതിപക്ഷത്തുള്ള ബിജെപി. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3286 കൊവിഡ്-19 കേസുകളാണ്. 51 പേര്‍ മരണപ്പെട്ടു.

Next Story