Top

'പ്രസിഡന്റ് സ്ഥാനം താത്കാലികമായിരുന്നു'; ഇന്ന് സ്ഥാനമൊഴിയാന്‍ പറഞ്ഞാലും ഒരെതിര്‍പ്പും പറയാതെ ഒഴിയുമെന്ന് നവാസ്

അറസ്റ്റ് നടപടിയെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് താന്‍ കാണുന്നതെന്നും പി കെ നവാസ്

10 Sep 2021 9:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രസിഡന്റ് സ്ഥാനം താത്കാലികമായിരുന്നു; ഇന്ന് സ്ഥാനമൊഴിയാന്‍ പറഞ്ഞാലും ഒരെതിര്‍പ്പും പറയാതെ ഒഴിയുമെന്ന് നവാസ്
X

ഹരിത നല്‍കിയ ലൈംഗിക പരാതിയില്‍ അറസ്റ്റുചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ എതിര്‍പ്പില്ലാതെ സ്വീകരിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എംഎസ്എഫ് അധ്യക്ഷസ്ഥാനം താത്കാലികമായിരുന്നു എന്നും ഇന്ന് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ പോലും അതിന് തയ്യാറാണെന്നും പി കെ നവസ് വ്യക്തമാക്കി.

പി കെ നവാസിന്റെ പ്രതികരണം : എനിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സംഘടനാ സ്ഥാനം താത്കാലികമായിരുന്നു. ആ സ്ഥാനത്ത് ഇനി ഞാന്‍ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നാളെ അല്ലെങ്കില്‍ ഇന്നു വൈകിട്ട് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ സയ്യീദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ നൂറുശതമാനവും ആ തീരുമാനത്തെ ഒരെതിര്‍പ്പും പറയാതെ സ്വീകരിക്കാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ബാധ്യസ്ഥനാണ് താനെന്നും പി കെ നവാസ് മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റ് നടപടിയെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും പി കെ നവാസ് പറഞ്ഞു.

'നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയനുസരിച്ച് ആരോപണ വിധേയനാണ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത്. അറസ്റ്റോടുകൂടി എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ലഭിച്ചതായാണ് ഞാന്‍ കരുതുന്നത്. ഹരിത ഉയർത്തിയിരിക്കുന്ന പരാതിയില്‍ എന്താണ് യഥാർത്ഥത്തില്‍ സംഭവിച്ചതെന്ന് പാര്‍ട്ടിയുടെ അനുവാദത്തോടെ വെളിപ്പെടുത്തും. തെരഞ്ഞെടുപ്പാനന്തര മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കുണ്ടാകുന്ന പ്രതിസന്ധിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. ഈ സാഹചര്യത്തില്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ പാർട്ടിക്ക് ക്ഷീണമുണ്ടാക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്.

പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഭാരവാഹികള്‍ കത്ത് നല്‍കിയതായി അറിയില്ല. ലത്തീഫ് തുറയലിന്റെ കത്തിനെക്കുറിച്ച് മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അറിയുന്നത്. എംഎസ്എഫിന്റെ പതിനാല് ഭാരവാഹികളില്‍ എട്ടുപേര്‍ ഒപ്പിട്ട് കത്തുനല്‍കിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെയൊരു കത്ത് ഉണ്ടോ എന്ന് വ്യക്തമല്ലാത്തതിനാല്‍ കത്ത് നല്‍കിയതായി പറയുന്നവർതന്നെ അതില്‍ വ്യക്തത നല്‍കണം.'

എംഎസ്എഫ് ഹരിത നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു പൊലീസ് പി കെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

പികെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ടിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

Next Story